Friday, 11 September 2020

Gateway to Ham Radio (old Malayalam article) chapter - 30

അദ്ധ്യായം 30 - വിവിധതരം ആന്റിനാകൾ

പരീക്ഷണങ്ങളും നിരീക്ഷണങ്ങളും കണ്ടെത്തലുകളുമൊക്കെ അമച്ച്വർ റേഡിയോ എന്ന രാജകീയ ഹോബിയുടെ ഭാഗമാണ്. സോൾഡറിങ് അയണും മൾട്ടിമീറ്ററും വിരചിക്കുന്ന കവിത മൂളി ഉണരുകയും ഉറങ്ങുകയും ഒരു ദിനചര്യയുടെ ഭാഗമാക്കിയതുകൊണ്ടാണ് ഇങ്ങനെയൊരു ഒരു പരമ്പര എഴുതാൻ ഈയുള്ളവനും സാധിച്ചത്. ഈ ഹോബിയെ അടുത്തു മനസ്സിലാക്കുവാൻ ഇതിന്റെ എല്ലാ സാദ്ധ്യതകളിലേക്കും പടർന്നു കയറിയേ മതിയാവൂ. ഹാമുകൾ ഏറ്റവും കൂടൂതൽ പരീക്ഷണങ്ങൾ നടത്തിയത് ആന്റിനാകളിലായിരിക്കണമെന്നാണ് എന്റെ അനുമാനം. പക്ഷേ, ലോകത്താദ്യം റേഡിയോ സിഗ്നലുകൾ പ്രയോജനപ്പെടുത്തിയ ആചാര്യ ജഗദീഷ് ചന്ദ്രബോസ് കൈവെക്കാത്ത ഒരു മേഖലയാണിത്. ഓരോ ഹാമും ഓരോ തരം ആന്റിനായാണുപയോഗിക്കുന്നതെന്നു പോലും പറയാം. എങ്കിലും ഒരു സാധാരണ ഹാം ചോദിക്കുന്നു, 'ഏതാണു മികച്ച ആന്റിനാ?' എത്ര ഉയരത്തിൽ ആന്റിനാ ഉറപ്പിക്കണമെന്നു ചോദിച്ചാൽ, കഴിയുന്നത്ര ഉയരത്തിൽ എന്നു നിശ്ശംശയം പറയാം. 

ഒരാന്റിനായുടെ ഉയരം കൊണ്ടു ലഭിക്കുന്ന മെച്ചം ഫ്രീക്വൻസിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയരത്തിന്റെ കാര്യത്തിലുമുണ്ട് ഓപ്റ്റിമം പോയിന്റ്. ഇരുപതടി ഉയരത്തിലുള്ള 40 മീറ്റർ ആന്റിനായും പ്രവർത്തനസവിശേഷതകളിൽ മികച്ചതു തന്നെ. ഒരാന്റിനാ വെർട്ടിക്കലി പോളറൈസ്ഡ് ആയാലും ഹൊറിസോണ്ടലി പോളറൈസ്ഡ് ആയിരുന്നാലും ഭാഗിക വലിപ്പത്തിലുള്ളവ പൂർണ്ണവലിപ്പത്തിലുള്ളതിന്റെ ശേഷിയിൽ ഒരിക്കലും പ്രവർത്തിക്കുകയില്ല. VHF നു താഴെ, ആന്റിനാ ആമുകളായി ഷീൽഡഡ് വയറോ, സ്ട്രാന്റഡ് വയറോ, ഓപ്പൺ വയറോ ഉപയോഗിക്കാം. VHF ലും മുകളിലുമുള്ള ഫ്രീക്വൻസികളിൽ, ഓപ്പൺ വയറുമായി താരതമ്യപ്പെടുത്തുംപോൾ ഇൻസുലേറ്റഡ് വയറിലെ വെലോസിറ്റി ഫാക്റ്ററിൽ പ്രകടമായ വ്യത്യാസമുള്ളതുകൊണ്ട് ഇൻസുലേറ്റഡ് വയർ ഉപയോഗിക്കപ്പെടുന്നില്ല. വലിച്ചാൽ നീളുന്ന വയറുകളും ആന്റിനായുമായി ബന്ധപ്പെട്ട് ഉപയോഗിക്കപ്പെടുന്നില്ല. വയറിന്റെ ഗേജ് തിരഞ്ഞെടുക്കുമ്പോൾ ചുറ്റളവു കൂടൂന്നതിനനുസരിച്ച് 'Q' കൂടുമെന്നുള്ള വസ്തുത പരിഗണിക്കണം. കോയിൽ വയന്റ് ചെയ്യുമ്പോഴും ഈ നിയമം ബാധകമാണ്. ഫ്രീക്വൻസി കൂടുന്നതിനനുസരിച്ച് വയറിന്റെ പ്രതലങ്ങളിൽ അനുഭവപ്പെടുന്ന സ്കിൻ എഫക്റ്റും കൂടുന്നതുകൊണ്ട് ഉയർന്ന ഫ്രീക്വൻസികളിൽ വണ്ണം കൂടിയ വയറുകളായിരിക്കും ഉചിതം. SWG 28 ന്റെ വണ്ണം കുറഞ്ഞ വയറാണുപയോഗിക്കുന്നതെന്നു കരുതി 200W RF പവർ കൊടുത്താലും ആമുകൾ കത്തിപ്പോകുമെന്നു വിചാരിക്കുന്നതും ശരിയല്ല. 

ആന്റിനാ ആമുകൾക്ക് കോപ്പർ വയർ തന്നെ വേണമെന്നുള്ള വാശി ഭാരതീയ ഹാമുകൾക്കാണു കൂടുതലെന്നു തോന്നുന്നു. റസിസ്റ്റിവിറ്റി കൂടുന്നതിനനുസരിച്ച് ശക്തി നഷ്ടം കൂടുമെന്നുള്ളതുകൊണ്ടും, ചില കണ്ടക്റ്ററുകളിൽ കോപ്പറിലേതുപോലെ ഇലക്ട്രിക്കൽ കോണ്ടാക്റ്റ് സാദ്ധ്യമല്ലെന്നതുകൊണ്ടും കൂടുതലാളുകളും ആന്റിനാ ആമുകൾക്ക് കോപ്പർ തന്നെയാണു നിഷ്കർഷിക്കുന്നത്. പക്ഷേ, അലുമിനീയം പോലുള്ള മറ്റു കണ്ടക്റ്ററുകൾ കൊണ്ട് അന്റിനാ പ്രവർത്തിപ്പിക്കാൻ സാദ്ധ്യമല്ലെന്നു കരുതരുത്. കുവൈറ്റ് യുദ്ധകാലത്ത് സർക്കാർ ഏജൻസികൾക്കു സംശയം തോന്നാതെ, അഴകെട്ടാൻ ഉപയോഗിക്കുന്ന സ്റ്റീൽ വയർ ആന്റിനായയുപയോഗിച്ചാണ് കേരളീയനായ  ഒരു ഹാം ഇന്ത്യയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നതെന്നോർക്കുക.  

ഏതായാലും, ആന്റിനാ ലൈനിലെ കോണ്ടാക്റ്റുകൾക്ക് വെറും സ്പർശനബന്ധം പോരാ; ലോ പവർ ട്രാൻസ്മിറ്ററുകളിൽപ്പോലും PL - 259, SO -237 RF പിൻ സോക്കറ്റ് നിഷ്കർഷിക്കപ്പെടുന്നു. ആന്റിനാകൾക്കു ഫീഡർ കേബിളായി ഉപയോഗിക്കുന്ന കൊയാക്സിയൽ കേബിളുകളെപ്പറ്റി അൽപ്പം കാര്യങ്ങൾക്കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. അവ 50 ഓംസ് 75 ഓംസ് വിഭാഗങ്ങളിൽ ലഭ്യമാണ്. കനത്ത ഷീൽഡുള്ളതും ഉള്ളിൽ വണ്ണം കൂടിയ സ്ട്രാന്റഡുകളുള്ള വയർ ലൈവായുള്ളതുമായ RG-8, RG-p കാറ്റഗറികളിലുള്ള കേബിളുകളാണ് ഏറ്റവും മികച്ചവ. സാധാരണ റ്റി വി കേബിളുകൾ ട്രാൻസ്മിഷൻ ഫീഡർ ലൈനായി ഉപയോഗിക്കുമ്പോൾ ട്രാൻസ്മിഷൻ പവറിന്റെ ഏകദേശം 50% വരെ നഷ്ടപ്പെടുന്നുണ്ട്. ഫ്രീക്വൻസി കൂടുന്തോറും നഷ്ടവും കൂടും. അതുകൊണ്ടാണ് 14Mhz നു മുകളിലുള്ള ഫ്രീക്വൻസികളിൽ RG 58U, RG 59U തുടങ്ങിയ ക്വാളിറ്റി കേബിളുകൾ പോലും ഉപയോഗിക്കാത്തത്. VHFലാണെങ്കിൽ RG 58U തന്നെ ആകെ പവറിന്റെ 50%വും ദഹിപ്പിക്കുന്നു. 

പൂർണ്ണമായും ഇന്നർ ഇൻസുലേഷനെ മൂടി നിൽക്കുന്ന ഷീൽഡിങ്ങുള്ള കേബിളാണു നല്ലത്.  ഇവ സിൽവർ പ്ലേറ്റ് ചെയ്തതാണെങ്കിൽ നഷ്ടം വീണ്ടും കുറയും. കേബിളിന്റെ പുറത്തെ പ്ലാസ്റ്റിക് കവറിന്റെ ക്വാളിറ്റി കുറഞ്ഞിരുന്നാൽ ഉള്ളിലെ കോപ്പർ വളരെ വേഗം രാസപ്രക്രിയക്കു വിധേയമായി പച്ച നിറം സ്വീകരിക്കും. ഇത്തരം കേബിളുകളുടെ ഔട്ട് പുട്ടിൽ എത്തുന്ന RF പവർ കുറഞ്ഞുകൊണ്ടിരിക്കും. ഓരോരുത്തരും അവരവരുടെ വ്യത്യസ്ഥ സാഹചര്യങ്ങൾ ക്കനുസരിച്ച് ആന്റിനാ നിർമ്മിക്കുമ്പോൾ ഇപ്പറഞ്ഞ കാര്യങ്ങൾ കൂടി പരിഗണിക്കപ്പെടണമെന്നുള്ളതുകൊണ്ടാണ് ഈ പരാമർശങ്ങൾ

ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന എല്ലാ ആന്റിനാകൾക്കും വളരെ സ്ഥലം ആവശ്യമായി വരുന്നവയായിരുന്നല്ലൊ. ഒരു കൊച്ചു മുറിയിലൊതുങ്ങിക്കഴിയേണ്ടി വരുന്ന ഹാമുകൾക്ക് അവയൊന്നും സഹായകമാവില്ല. അത്തരക്കാർക്കു പറ്റിയ ഒരാന്റിനായാണ് മാഗന്റിക് ലൂപ്പ് ആന്റിനാ. 3.1 അടി വ്യാസത്തിൽ 10mm അലൂമിനിയം കമ്പി കൊണ്ട് ഒരു വലയമുണ്ടാക്കാൻ സാധിച്ചാൽ മാഗ്നറ്റിക് ലൂപ് ആന്റിനായുണ്ടാക്കാം. പൈപ്പ് വളക്കാൻ പ്രത്യേക ഉപകരണത്തിന്റെ സഹായം ലഭ്യമാക്കാം, ആ ഡയമീറ്ററിലുള്ള ഡ്രമ്മും ഉപയോഗിക്കാം. ഉള്ളിൽ തരിമണൽ കുത്തിനിറച്ചിരിക്കുന്നതും, പൈപ്പ് ചൂടാക്കുന്നതുമൊക്കെ ഒടിവുകൂടാതെ വളക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്. 12 അടി നീളത്തിൽ ലഭിക്കുന്ന ഒരു പൈപ്പ് മതിയാവുമിതിന്. അഗ്രങ്ങൾ തമ്മിലുള്ള അകലം 3/4 ഇഞ്ച് ആയിരിക്കത്തക്ക രീതിയിൽ അഗ്രം മുറിച്ചു കളയാം. അഗ്രങ്ങൾ മുകളി ലായിരിക്കത്തക്ക രീതിയിൽ വെർട്ടിക്കലായി ഏതെങ്കിലും നോൺ കണ്ടകറ്ററിൽ ഇതു പിടിപ്പിക്കണം. അഗ്രങ്ങൾ 150 PF ന്റെ ഒരു വേരിയബിൾ എയർ ഗാംഗ് കപ്പാസിറ്ററുമായി ബന്ധിപ്പിക്കുക (ഗാംഗ് അഗ്രങ്ങൾക്കടുത്തായിരിക്കണം). 

റ്റ്യൂൺ ചെയ്യുമ്പോൾ ബോഡി കോണ്ടാക്റ്റ് ഗാംഗിൽ കിട്ടാത്ത രീതിയിൽ ഗാംഗ് ഷാഫ്റ്റിൽ ഒരു നോബ് പിടിപ്പിച്ചിരിക്കണം. വളയത്തിന്റെ അഗ്രങ്ങൾക്കു നേരെ എതിർവശത്തുള്ള റിംഗ് ഭാഗത്തുനിന്ന് കേബിളിന്റെ ഷീൽഡ്  കണക്റ്റ് ചെയ്യണം. ഇവിടെ ഒരു RF സോക്കറ്റ് പിടിപ്പിക്കുക തന്നെയാണുചിതം. ലൈവ് ലൈനിന്റെ കണക്ഷൻ റിംഗിന്റെ ഏതെങ്കിലും അഗ്രത്തു നിന്ന് 6-7 ഇഞ്ചുകൾ അകലെ ഒരു പോയിന്റിലാണു വരേണ്ടത്. ഇതു പക്ഷേ, SWR മീറ്ററിൽ നോക്കി കണ്ടുപിടിക്കേണ്ടി വരും. RF സോക്കറ്റിൽ നിന്നുള്ള ഈ വയർ അർദ്ധവൃത്താകൃതിയിൽ വേണം ഉറപ്പിക്കാൻ. എടുത്തു മാറ്റത്തക്ക രീതിയിൽ തടികൊണ്ടോ, ഏതെങ്കിലും ഇൻസുലേറ്റർ കൊണ്ടോ നിർമ്മിച്ച സ്റ്റാന്റിൽ ഈ റിംഗ് ആന്റിനായുറപ്പിക്കാം. ഇതിന്റെ വിശദാംശങ്ങൾ നിർമ്മാതാവുതന്നെ നിശ്ചയിക്കുക. സർക്കുലർ പോളറൈസേഷനാണിവിടെ. ഔട്ട് ഡോറിലോ റൂമിനുള്ളിലോ എത്ര പവറിലും ഈ ആന്റിനാ ഉപയോഗിക്കാം. ചിത്രം C-30/1 ശ്രദ്ധിക്കുക. 


ഏത് HF ബാന്റിലും ഈ ആന്റിനാ ഉപയോഗിക്കാം. ഒരു നിശ്ചിത ആന്റിനാ മൾട്ടിബാന്റായി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മുൻ അദ്ധ്യായങ്ങളിൽ പറഞ്ഞിരുന്നല്ലൊ. മാഗ്നറ്റിക് ഇലക്ട്രിക് വേവുകൾ തമ്മിൽ 180 ഡിഗ്രി ഷിഫ്റ്റ് സംഭവിക്കുന്നതുകൊണ്ട് ഇലക്ട്രിക്കൽ നോയിസ് ഏതാണ്ട് പൂർണ്ണമായും ഈ ആന്റിനായിൽ ഒഴിവാക്കപ്പ്പെടുന്നു. 'Q'  വളരെ കൂടൂതലായ ഈ ആന്റിനായുടെ നിർമ്മാണതത്ത്വം പ്രയോജനീഭവിപ്പിക്കാൻ കഴിഞ്ഞാൽ റിസീവറിനു മാത്രമായും ഈ ആന്റിനാ ഉപയോഗിക്കാം. 

ഓപ്പൺ ഡൈപ്പോളിന്റയത്ര സ്ഥലം വേണ്ടാത്ത ഒരന്റിനായാണ് ഇൻ വേർട്ടഡ് 'L'  ആന്റിനാ - ചിത്രം C-30/2 ശ്രദ്ധിക്കുക.

ഈ ആന്റിനായും, പക്ഷേ, കഴിയുന്നത്ര ഉയരത്തിൽ വേണം ഉറപ്പിക്കാൻ. 50 ഓംസ് കേബിൾ ബന്ധിപ്പിക്കുന്ന ഭാഗത്ത് ഷീൽഡ് ഗ്രൗണ്ട് ഭാഗത്തെക്കുള്ള ആമിലും, ലൈവ് ലൈൻ ഹൊറിസോണ്ടൽ ആമുമായും ബന്ധിപ്പിക്കണം. ഹൊറിസോണ്ടലായും വെർട്ടിക്കലായുമുള്ള ആമിന്റെ ഭാഗങ്ങൾ കൃത്യമായും തുല്യമായിരിക്കണമെന്നില്ല. ഗ്രൗണ്ട് വയറും ലൈവ് വയറും തമ്മിലുള്ള അകലം 1/2" ആയിരിക്കട്ടെ. ഗ്രൗണ്ടിങ് ഒന്നിലേറേ റേഡിയൽസുപയോഗിച്ച് ശക്തമായി ചെയ്തിരിക്കണം. ഇവിടെ ഇൻസുലേറ്ററായി പറഞ്ഞിരിക്കുന്നിരിക്കുന്നിടത്ത് പ്ലാസ്റ്റിക് മുതൽ ലഭ്യമായ എന്തു നോൺ കണ്ടക്റ്ററും ഉപയോഗിക്കാമെങ്കിലും മികച്ചത് മികച്ച ഫലം തരും. 

VHF ട്രാൻസ്മിറ്റർ ആന്റിനായായി ഉപയോഗിക്കുന്ന ഗ്രൗണ്ട് പ്ലെയിൻ ടൈപ്പ് ആന്റിനാ 14Mhz മുതൽ മുകളിലേക്കുള്ള ബാന്റുകൾക്കായി HF ലും ഉപയോഗിക്കാം - ചിത്രം C-30/3 കാണുക.  


വെർട്ടിക്കൽ ആമുള്ള എലമെന്റ് (ഡ്രിവൺ എലമെന്റ്) മാത്രമല്ല നാലുവശത്തേക്കും തുല്യ ഡിഗ്രിയിൽ വലിച്ചു കെട്ടുന്ന റേഡിയലുകളും സാധാരണ വയറുകളായിരുന്നാൽ മതി. വെർട്ടിക്കലായി ഉറപ്പിക്കുന്ന എലമെന്റ്, റ്റ്യൂബ് അലൂമിനിയമോ കോപ്പറൊ ആവാം. പ്ലയിൻ വയറാണെങ്കിൽ ഉറപ്പിച്ചു നിർത്താൻ വുഡൻ റീപ്പർ ഉപയോഗിക്കാം. ബേസ് പ്ലേറ്റിന്റെ മദ്ധ്യത്തിൽ ഉറപ്പിച്ചിരിക്കുന്ന ഇൻസുലേറ്ററിലാണ്  ഈ ഡ്രിവൺ എലമെന്റ് ഉറപ്പിക്കുന്നത്. ഫീഡർ കേബിളിന്റെ ലൈവ് വയർ ഈ ഡ്രിവൺ എലമെന്റിലേക്കും, ഷീൽഡ് ഭാഗം നാലു റേഡിയൽസും ഇലക്ട്രിക്കലായി ബന്ധിപ്പിച്ചിരിക്കുന്ന ബേസ് പ്ലേറ്റിലേക്കും വേണം ബന്ധിക്കാൻ. 150 കി. മീറ്റർ കഴിഞ്ഞാൽ 100 മുതൽ 400 കി. മീറ്റർ വരെ വ്യാപ്തിയുള്ള ഒരു ഡെഡ് സോൺ ഉണ്ടായിരിക്കുമെന്നതൊഴിച്ചാൽ Dx ങ്ങിന് ഇതിനേക്കാൾ മികച്ച ആന്റിനായില്ലെന്നു പറയാം. ഓമ്നി ഡയറക്ഷണലായ ഗ്രൗണ്ട് പ്ലയിൻ ആന്റിനായുടെ ഇമ്പിഡൻസ് 50 ഓംസ് ആണ്. ഓരോ റേഡിയലും ഡ്രിവൺ എലമെന്റിനേക്കാൾ 5% നീളം കൂടിയതായിരിക്കണം. ബേസ് പ്ലേറ്റ് ഉറപ്പിക്കാൻ മാസ്റ്റ് പൈപ്പ് ഉപയോഗിക്കാം. ബേസ് പ്ലേറ്റിൽ നിന്നും 45 ഡിഗ്രി ആംഗിളിൽ പുറത്തേക്കു റേഡിയൽസുറപ്പിക്കണം. ഡ്രിവൺ എലമെന്റിന്റെ നീളം വേവ് ലെങ്ത്തിന്റെ നാലിലൊന്നെന്നാണ് കണക്ക്. പ്രായോഗികമായി വിജയമെന്നു വിശേഷിപ്പിക്കാവുന്ന ലളിതമായ ആന്റിനാകൾ ഇനിയുമുണ്ട്. 

അദ്ധ്യായം 29                                                                    അദ്ധ്യായം 31

No comments:

Post a Comment