Thursday, 10 September 2020

പരിചയപ്പെടുത്തൽ - പി സി ബി നിർമ്മാണം

  • 1994 മുതൽ 1999 വരെ 'ഇലക്ട്രോണിക്സ് ഫോർ എവരിബഡി' എന്ന മലയാളം മാസികയിൽ തുടർച്ചയായി എഴുതിയിരുന്ന ഈ മലയാളം ലേഖനങ്ങൾ താല്പര്യമുള്ളവർക്കു വായിക്കാം. Gateway to Ham Radio എന്ന സമ്പൂർണ്ണ പഠന സഹായ പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ ഇതേ നാമം എടുത്തെങ്കിലും ഉള്ളടക്കം ഒന്നല്ല.
  • ട്രാൻസിസ്റ്ററുകളും, കപ്പാസിറ്ററുകളും, റസിസ്റ്ററുകളുമെല്ലാം യഥേഷ്ടം കിട്ടുമായിരുന്ന 2000 വരെയുള്ള കാലഘട്ടത്തിൽ, പി സി ബോർഡുകൾ സ്വയം എച്ചു ചെയ്തുണ്ടാക്കി വിവിധ സർക്യുട്ടുകൾ നിർമ്മിക്കുക യുവാക്കളുടെ ഒരു ഹരമായിരുന്നുവെന്നു പറയാം. (പി സി ബൊർഡുകൾ സ്വയം നിർമ്മിക്കുന്ന രീതിയെപ്പറ്റി ഇന്റക്സിനു ശേഷം വിശദീകരിച്ചിരിക്കുന്നു). 
  • പെട്ടെന്നിതിനൊരു വിരാമമാകാൻ പ്രത്യേക കാരണങ്ങളായി പറയാനുള്ളത്, പൊതുവേ നല്ല നിലവാരമൂള്ള അത്യാധുനിക ഉപകരണങ്ങൾ കുറഞ്ഞ വിലക്കു മാർക്കറ്റിൽ ലഭ്യമായിത്തുടങ്ങിയതും, HF ബാന്റ്  കണ്ടീഷനിൽ വന്ന കാര്യമായ മാറ്റം ചെറിയ ട്രാൻസ്മിറ്ററുകൾ പ്രായോഗികമല്ലാതെ വന്നതുമാണെന്ന് എടുത്തു പറയാം. ആളുകളിൽ ഗവേഷണങ്ങൾക്കുള്ള ത്വര കുറഞ്ഞതും മറ്റൊരു കാരണമാണ്.
  • അദ്ധ്യായം 1 - റേഡിയോ സിഗ്നലുകളും അയണോസ്പിയറും
  • അദ്ധ്യായം 2 - BFO കളും LSB, CW, USB സിഗ്നലുകളും 
  • അദ്ധ്യായം 3 - ക്യു എസ് എൽ കാർഡുകൾ
  • അദ്ധ്യായം - 4 റിസീവേഴ്സ്, ട്രാൻസിസ്റ്ററുകൾ
  • അദ്ധ്യായം 5 - DC റിസീവറുകൾ, VFO
  • അദ്ധ്യായം - 6 ഓസിലേറ്റേഴ്സ്, ട്രാൻസിസ്റ്റേഴ്സ് 
  • അദ്ധ്യായം -7 ലോ പവർ AM ട്രാൻസ്മിറ്ററുകൾ
  • അദ്ധ്യായം 8 - 3.5 Mhz ഡബ്ലർ VFO
  • അദ്ധ്യായം 9 - കമ്മ്യുണിക്കേഷൻ റിസീവറുകൾ
  • അദ്ധ്യായം 10 - PLL, AGC നിയന്ത്രിത IF സ്റ്റേജുകൾ
  • അദ്ധ്യായം 11 - റിസീവർ ഘടകങ്ങൾ
  • അദ്ധ്യായം 12 - മൾട്ടി ബാന്റ് BC റിസീവർ
  • അദ്ധ്യായം 13 - ബാന്റ് പാസ്സ് ഫിൽട്ടറുകൾ
  • അദ്ധ്യായം 14 - കോയിലുകൾ സ്വയം നിർമ്മിക്കുക
  • അദ്ധ്യായം 15 - റ്റൊറോയിഡുകൾ
  • അദ്ധ്യായം 16 മോഡുലേഷൻ തന്ത്രങ്ങൾ
  • അദ്ധ്യായം 17 - SSB ട്രാൻസ്മിഷൻ
  • അദ്ധ്യായം 18 - SSB ജനറേറ്ററുകൾ
  • അദ്ധ്യായം 19 - ക്രിസ്റ്റലുകളും സിംഗിൾ സൈഡ് ബാന്റും
  • അദ്ധ്യായം 20 - മൾട്ടി പർപ്പസ് ടെസ്റ്റ് മീറ്ററുകൾ
  • അദ്ധ്യായം 21 - SSB മിക്സറുകൾ
  • അദ്ധ്യായം 22 - SSB ലീനിയർ സ്റ്റേജുകളെപ്പറ്റി
  • അധ്യായം 23 - RF പവർ ആമ്പ്ലിഫയർ തുടർച്ച
  • അദ്ധ്യായം 24 - ലീനിയർ ആമ്പ്ലിഫയർ സ്റ്റേജുകളെപ്പറ്റി
  • അദ്ധ്യായം 25 - ലീനിയർ/ഔട്ട് പുട്ട് ആമ്പ്ലിഫയറുകൾ
  • അദ്ധ്യായം 26 - QRP മോഡ്യുൾ ലേ ഔട്ട്
  • അദ്ധ്യായം 27 - SWR സംരക്ഷണം
  • അദ്ധ്യായം 28 - ലളിതമായ ഡൈപോൾ ആന്റിനാകൾ
  • അദ്ധ്യായം 29 - ട്രാൻസ്മിറ്റർ ആന്റിനാകൾ
  • അദ്ധ്യായം 30 - വിവിധതരം ആന്റിനാകൾ
  • അദ്ധ്യായം 31 - മൾട്ടി ബാന്റ് ജർമ്മൻ ക്വാഡ് ആന്റിനാ
  • അദ്ധ്യായ 32 - ഇലക്ട്രോണീക് കീയർ
  • _____________________________________________________________
    ഇലക്ട്രോണിക്സിലെ തുടക്കക്കാർക്ക് ഈ ലേഖനങ്ങൾ ഒരു പക്ഷേ പ്രയോജന പ്പെട്ടേക്കാം.  

    എന്റെ പശ്ചാത്തലം ഇംഗ്ഗ്ലീഷ് ലിറ്ററേച്ചർ ആണ്. പക്ഷേ, ഇലക്ട്രോണിക്സ് എന്നെ ഒരുപാടാകർഷിച്ചു - സ്വപരിശ്രമങ്ങളിലൂടെ എല്ലാം പഠിക്കേണ്ടി വന്നു. സഹായിക്കാൻ ധാരാളം പേരുണ്ടായിരുന്നതു ഭാഗ്യമായി - ട്രാൻസ്മിറ്ററുകളിൽ പരീക്ഷണങ്ങൾ നടത്തുമ്പോൾ മാത്രമല്ല എ എസ് ഓ സി പരീക്ഷയിൽ ജയിക്കാനും അടിസ്ഥാനജ്ഞാനം അവശ്യമായിരുന്നു. ഒപ്പമുണ്ടായിരുന്ന പലരുടേയും പശ്ചാത്തലം ഇലക്ട്രോണിക്സ് ആയിരുന്നില്ലെന്നത് എനിക്കൊത്തിരി പ്രചോദനമായി. 1991 ൽ 12 വോൾട്ടിൽ പ്രവർത്തിക്കുന്ന ഒരു easy - to - operate പോർട്ടബിൾ ട്രാൻസീവർ രൂപകൽപ്പന ചെയ്യാൻ സമ്പാദിച്ച അറിവുകൾ എനിക്കു പ്രയോജനപ്പെട്ടു. ഞാൻ മനസ്സിലാക്കിയത് ആർക്കെങ്കിലും പ്രയോജനകരമാകുന്നെങ്കിൽ ആവട്ടെയെന്ന ചിന്തയാണ് ഇങ്ങിനെയൊരു പരമ്പര എഴുതാൻ കാരണം. സ്നേഹിതനായ മുകുന്ദിന്റെ (VU2DRL)   പ്രേരണയും എലക്ട്രോണിക്സ് ഫോർ എവരിബഡിയുടെ എഡിറ്റർ ശ്രീ ബി സോമൻ നായർ അതിനെ സ്വാഗതം ചെയ്തതും പരമ്പര മുന്നോട്ടു പോകാൻ കാരണമായി. 

    പക്ഷേ, മനസ്സിൽ കരുതിയതുപോലെ ലളിതമായിരുന്നില്ല ലേഖനം തയ്യാറാക്കൽ. പറയുന്ന കാര്യങ്ങൾ രണ്ടുപ്രാവശ്യം ഉറപ്പു വരുത്തേണ്ടതുണ്ടായിരുന്നുവെന്നതു തന്നെ പ്രധാന കാര്യം -ലഭ്യമായ നിരവധി പുസ്തകങ്ങൾ പരിശോധിക്കേണ്ടിയും വന്നു.

    ഈ മാസികയാവട്ടെ, സാമ്പത്തിക പ്രതിസന്ധികളിൽ പെട്ടിരുന്നതുകൊണ്ട് സ്ഥിരമായി എല്ലാ ലക്കങ്ങളും ഇറങ്ങിയിരുന്നില്ല; പ്രതിഫലത്തിന്റെ കാര്യം ഒരിക്കലും ഒരു ചർച്ചയിലും ഞാൻ അവരോടുന്നയിച്ചിട്ടില്ല. ഈ പരമ്പരയുടെ 32 ലക്കങ്ങളിൽ 27 ഉം എനിക്കെത്തിച്ചു തന്നത് എറണാകുളത്തു നിന്നുള്ള ശ്രീ ജയചന്ദ്രനാണ് (VU3BWB), ബാക്കി കോപ്പികൾ തന്നത് വൈക്കം സ്വദേശിയായ മധുവും (A65DE). നന്ദി ജെയ്സി, നന്ദി മധു!

    ഇതിന്റെ വായനക്കാരോട് എനിക്കൊരപേക്ഷയുണ്ട് - ഒന്നാം ക്ലാസ്സിലേയും രണ്ടാം ക്ലാസ്സിലേയും പാഠങ്ങൾ ക്രമമായി വായിക്കുന്നതു പോലെയാണിതെന്നു പ്രതീക്ഷിക്കരുത്. ലേഖനങ്ങളിലെ വിഷയത്തിന്റെ പ്രത്യേകതകൊണ്ട് പലതിനേപ്പറ്റിയുമുള്ള വിശദാംശങ്ങൾ പല അദ്ധ്യായങ്ങളിലായാണ് പറയാൻ സാധിച്ചിട്ടുള്ളത്. കഴിയുമെങ്കിൽ മുഴുവൻ വായിച്ചുകഴിഞ്ഞിട്ടേ, എന്തെങ്കിലും ചെയ്തു തുടങ്ങാവൂയെന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. മറ്റൊരു കാര്യവും പറയാതെ വയ്യ - 1998 ലേതു പോലെയുള്ള അസ്സംബ്ലിങ് ഇന്നു നടക്കില്ല. ഇതിനു കാരണമായി രണ്ടു കാര്യങ്ങളുണ്ട്; ഒന്നാമതു സ്പെയർ പാർട്ട്സ് കടകൾ പ്രായേണ അപ്രത്യക്ഷമായിയെന്നതും, രണ്ടാമത് കൊമേർസിയൽ പ്രോഡക്റ്റുകൾ നിസ്സാരമായ വിലക്കു കിട്ടിത്തുടങ്ങിയെന്നതുമാണ്. സമയക്കുറവും താൽപ്പര്യക്കുറവും മറ്റു കാരണങ്ങൾ. പക്ഷേ, ഒരു ഹാം അറിഞ്ഞിരിക്കേണ്ട ശാസ്ത്ര സത്യങ്ങൾത്തന്നെയാണിതിലുള്ളത് - എല്ലാം അറിഞ്ഞിരിക്കുന്നതുകൊണ്ട് പ്രയോജനമേ ഉണ്ടാവൂ. 

    ഘടകങ്ങളേപ്പറ്റിയും സർക്യൂട്ടുകളെപ്പറ്റിയും പറഞ്ഞു പോകുമ്പൊൾ ഇതെങ്ങിനെ അസ്സംബിൾ ചെയ്യണമെന്നും അവശ്യം അറിഞ്ഞിരിക്കണമല്ലോ. പ്രിന്റഡ് സർക്യൂട്ട് ബോർഡുകൾ (പി സി ബി) നിർമ്മിക്കുന്നതിനേപ്പറ്റി 1991 ൽ ഈ മാസികയിലൂടെ ഞാനെഴുതിയിരുന്ന ലേഖനം ഒപ്പം തന്നെ ഇവിടെ കൊടുക്കുന്നു. ഈ ലേഖനം ഈ മാസിക തന്നെ 1994 ൽ പു:നപ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു - ജോസഫ് മറ്റപ്പള്ളി )
     
    _________________________________________________________________________

    കൗതുകകരമായ അനേകം സാദ്ധ്യതകൾനിറഞ്ഞു നിൽക്കുന്ന ഇലക്ട്രോണിക്സ് എന്ന ശാസ്ത്രശാഖ ആധുനിക മനുഷ്യനെ ഹരം പിടിപ്പിക്കുന്നു. ഇലക്ട്രിക്കൽ എനർജിയുടെ നാനാവിധമായ പ്രവർത്തനങ്ങളെ പ്പറ്റിയുള്ള പഠനശാഖയാണ് ഇലക്ട്രോണിക്സ്. അനന്തമായ അതിന്റെ സാദ്ധ്യതകളെ പ്രയോജനപ്പെടുത്തുന്ന ചെറിയ ചെറിയ ഉപകരണങ്ങൾ സ്കൂൾ കുട്ടികൾ പോലും വ്യാപകമായി അസ്സംബിൾ ചെയ്തു പ്രവർത്തിപ്പിക്കുന്നുണ്ടിപ്പോൾ. ഘടകങ്ങളേപ്പറ്റിയുള്ള അറിവും, സോൾഡറിങ് അയണും മൾട്ടിമീറ്ററും പ്രവർത്തിപ്പിക്കാനുള്ള സാങ്കേതികജ്ഞാനവും  മാത്രം പോരാ, പരീക്ഷണശാലയിലേക്കു കടക്കാൻ. ഗാഡ്ജറ്റുകൾ നിർമ്മിക്കാൻ വേണ്ട ബോർഡുകൾ എങ്ങിനെ നിർമ്മിക്കാമെന്നു കൂടി എല്ലാവരും അറിഞ്ഞിരിക്കണം - ഒരു കോപ്പർ ക്ലാഡ് ബോർഡിൽ ഏതെങ്കിലും പാറ്റേണിൽ തുളകളിട്ട 'ബ്രെഡ് ബോർഡുകൾ'ക്ക് അതിന്റേതായ പോരായ്മകളുണ്ടല്ലോ. പ്രിന്റഡ് ബോർഡ് നിർമ്മിക്കുകയെന്നത് അത്ര ദുഷ്കരമൊന്നുമല്ലെന്നതാണു വസ്തുത. 

    ആദ്യം, അസ്സംബിൾ ചെയ്യാൻ പോകുന്ന സർക്യുട്ട് തെറ്റില്ലാതെ ഒരു കടലാസിൽ വരക്കുക. എന്തുമാത്രം വലുപ്പമുള്ള പി സി ബോർഡാണു വേണ്ടതെന്നു മനസ്സിലാക്കിയാൽ അത്രയും വലിപ്പമുള്ള ഒരു ഗ്രാഫ് പേപ്പ്പർ തയ്യാറാക്കാം. ഉപയോഗിക്കുന്ന ഘടകങ്ങളുടെ വലിപ്പം, ലീഡുകളുടെ രീതി ഇവയൊക്കെ മനസ്സിലാക്കുകയും ഘടകങ്ങൾ എങ്ങിനെയാണുറപ്പിക്കേണ്ടതെന്ന് നിശ്ചയിക്കുകയും (സ്ലീപ്പിങ് മോഡിലോ സ്റ്റാന്റിങ് മോഡിലോ - ചിത്രം C-0/1A, C-0/1B ശ്രദ്ധിക്കുക) ലീഡുകൾ മറ്റു ലീഡുകളോടു ചേർന്നു വരാത്ത രീതിയിൽ സർക്യുട്ട് വിഭാവനം ചെയ്യുകയും ചെയ്താൽ രണ്ടാം ഘട്ടമായി - ബോർഡ് ലേഔട്ട് ശരിയാക്കാം

    റേഡിയോ ഫ്രീക്വൻസി സർക്യുട്ടുകളിൽ പ്രിന്റുകൾ തമ്മിലുള്ള അകലം നിർണ്ണായകമാണ്. സാധാരണ പ്രിന്റുകളിൽ അതിന്റെ കറണ്ട് കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് നിർണ്ണായകമായി വരുക. കൂടുതൽ കറണ്ടൊഴുകേണ്ടിടത്ത് പ്രീന്റിന്റെ വീതി കൂടിയിരിക്കണം. 

    ലീഡുകൾ ഗ്രാഫ് വശത്തേക്കു വരത്തക്ക രീതിയിൽ ഗ്രാഫ് പേപ്പറിൽ ദ്വാരങ്ങളുണ്ടാക്കി അതിൽ ഘടകങ്ങൾ മാർക്കു ചെയ്തു കഴിഞ്ഞാൽ, ഗ്രാഫ് പേപ്പറിൽ ലീഡുകൾ കാണുന്ന വശം പി സി [Printed Crcuit Board] ബോർഡിന്റെ പ്രിന്റ് വശമായി സങ്കൽപ്പിച്ചു ലൈനുകൾകൊണ്ട് മാർക്കുകൾ യഥാക്രമം ബന്ധിപ്പിക്കുകയാണു വേണ്ടത്. ഓരോ ലൈനുകളും പരസ്പരം കൂട്ടിമുട്ടാൻ സാദ്ധ്യതയില്ലാത്ത വിധത്തിലും രേഖകൾ കഴിയുന്നതും നേർരേഖകളിൽ വരത്തക്ക രീതിയിലും വേണം പ്രിന്റു വരക്കേണ്ടത്. പ്രിന്റുകൾ ക്രോസ്സ് ചെയ്യേണ്ടത് അനിവാര്യമായി വരുന്ന സാഹചര്യത്തിൽ ബോർഡിന്റെ മറുവശത്തുകൂടി ജംബർ വയറുപയോഗിച്ചു ബന്ധിപ്പിക്കാവുന്ന രീതിയിൽ സർക്യുട്ട് തയ്യാറാക്കാം. അടുത്ത ഘട്ടത്തിൽ, ആ വലിപ്പത്തിലുള്ള കോപ്പർ ക്ലാഡ് ബോർഡ് വാങ്ങിക്കുകയാണു വേണ്ടത്. അൽപ്പംകൂടി ഗുണമേന്മ കൂടിയ ഗ്ലാസ്സ് ഇപ്പോക്സി, പേപ്പർ ഇപ്പോക്സി ഇനത്തിൽപെട്ടതുമായ ഡബിൾ സൈഡ് കോപ്പർ ക്ലാഡ് ബോർഡുകളും മാർക്കറ്റിൽ ലഭ്യമാണ്. മിക്ക സർക്യുട്ടുകൾക്കും മതിയായ വിലകുറഞ്ഞ കോപ്പർ ക്ലാഡ് ബോർഡുകളായിരിക്കും മാർക്കറ്റിൽ സുലഭം. കണ്ണാടി മുറിക്കുന്നതു പോലെ മൂർച്ചയുള്ള ഉപകരണം കൊണ്ട് ഇരു വശത്തും പോറലുണ്ടാക്കിയാണിതു മുറിക്കേണ്ടത്. ഹാക്സോ ബ്ലേഡും ഉപയോഗിക്കാം. 

    മുറിച്ചെടുത്ത ഈ ബോർഡ് ക്ലീൻ ചെയ്യുകയാണാദ്യം വേണ്ടത്. ഏതെങ്കിലും തിന്നർ ഇതിനായി ഉപയോഗിക്കാവുന്നതാണ് - പോറലുകൾ നിർബന്ധമായും ഉണ്ടാവരുത്.  ഇനി, കോപ്പർ ക്ലാഡ് ബോർഡ് പേപ്പറിന്റെ ഘടകങ്ങൾ വെച്ചിരുന്ന വശത്തു ചേർത്ത് വെച്ച് ഘടകങ്ങളുടെ ലീഡ് ദ്വാരങ്ങൾ മൂർച്ചയുള്ള കൂർത്ത ഒരുപകരണംകൊണ്ട് കടലാസ്സിലൂടെ ബോർഡിൽ അടയാളപ്പെടുത്തുക. ഈ ദ്വാരങ്ങൾ ഗ്രാഫ് വശത്തു ഘടകങ്ങൾ രേഖകൾ വഴി യോജിപ്പിച്ചതു പോലെ ചെമ്പു ഫോയിലിലും അടയാളപ്പെടുത്തുക. ഇനി, ആ രേഖകൾ ഏതെങ്കിലും പെയിന്റുകൊണ്ടു നന്നായി വരക്കുക. ബോൾ പെന്നുകളുടെ ടിപ്പ്പിലെ ബോൾ എടുത്തു കളഞ്ഞിട്ട് അതിൽ വിലകുറഞ്ഞ പെയിന്റ് നിറച്ച് അതുകൊണ്ട് ഇതു സാധിക്കാം. വളരെ ഭംഗിയും വൃത്തിയുമുള്ള പ്രിന്റുകൾ ഉണ്ടാവാൻ സ്ക്രീൻ പ്രിന്റിങ് അവലംബിക്കാം - കൂടുതൽ ബോർഡുകൾ വേണ്ടിടത്തും ഇതായിരിക്കും നല്ലത്. 


      ഒരു സർക്യൂട്ട് വരക്കുന്ന രീതിയും ഒരു പ്രിന്റഡ് ബോർഡിന്റെ ചിത്രവും 

    പെയിന്റ് കൊണ്ട് മറച്ചിരിക്കുന്ന ഭാഗമൊഴിച്ചു ബാക്കി ഭാഗം ദ്രവിപ്പിച്ചു കളയുന്ന സമ്പ്രദായമാണിവിടെ അനുവർത്തിക്കുന്നത്. ഈ പ്രക്രിയക്ക് എച്ചിങ് എന്നു പറയും. നാം പ്രിന്റ് പെയിന്റുകൊണ്ടു വരച്ച ബോർഡിന്റെ കോപ്പർ ഫോയിൽ വശം പൂർണ്ണമായും മുങ്ങിക്കിടക്കത്തക രീതിയിൽ ഫെറിക് ക്ലോറൈഡ് ലായനിയിൽ കുറേ നേരം മുക്കിയിട്ടാണ് എച്ചിങ് നടത്തുന്നത്. സ്കൂൾ ലാബറട്ടറി സാധനങ്ങൾ വിൽക്കുന്ന കടകളിൽ നിന്നും ഫെറിക് ക്ലോറൈഡ് പൊടി കിട്ടും. അത് വസ്ത്രങ്ങളുമായും ലോഹങ്ങളുമായും വളരെ വേഗത്തിൽ പ്രതിപ്രവർത്തിക്കുന്നതു കൊണ്ട്, കൈകൾകൊണ്ടു സ്പർശിക്കാതെ സൂക്ഷിച്ചു ലായനി തയ്യാറാക്കേണ്ടതാണ് - അതിനുപയോഗിക്കേണ്ടത് പോഴ്സലൈൻ / ഗ്ലാസ്സ് പാത്രങ്ങളാണ്. ഒരു ചെറിയ ബോട്ടിൽ ഫെറിക് ക്ലോറൈഡ് വളരെക്കാലത്തെ ഉപയോഗത്തിനു മതിയാവും. 

    ബോർഡിലെ പെയിന്റ് നന്നായുണങ്ങിക്കഴിഞ്ഞാൽ ഈ ഫെറിക് ക്ലോറൈഡ് ലായനിയിൽ ബോർഡ് മുങ്ങിക്കിടക്കത്തക്ക രീതിയിൽ ഇതു പാത്രത്തിൽ ഇടുക. ലായനിക്കു ചെറുചൂടുണ്ടായിരുന്നാലും അതിളക്കിക്കൊണ്ടിരുന്നാലും എച്ചിങിന്റെ വേഗത കൂടും. ലായനിക്ക് ഇളം പച്ചനിറമായാൽ കൂടുതൽ പൗഡർ ചേർക്കേണ്ടതും ലായനിയുടെ പ്രവർത്തന വേഗത കൂട്ടാൻ അൽപ്പം വിന്നാഗിരി ഇതിൽ കലർത്താവുന്നതുമാണ്. ഏകദേശം ഒരു മണിക്കൂറിനു ശേഷം, പെയിന്റ് തൊടാത്ത ഭാഗം പൂർണ്ണമായും ദ്രവിച്ചു പോയിക്കഴിഞ്ഞാൽ ബോർഡ് ലായനിയിൽനിന്നെടുത്ത് ഒഴുക്കു വെള്ളത്തിൽ കഴുകേണ്ടതാണ്. 

    പ്രിന്റ് വശത്ത് കോപ്പർ സൾഫേറ്റ് ഉണ്ടായിട്ടുണ്ടെങ്കിൽ, അത് ഉണങ്ങിയ തുണികൊണ്ട് അമർത്തിത്തുടച്ചു മാറ്റാവുന്നതാണ്. ഇനി, വേണ്ട വലിപ്പത്തിലുള്ള ദ്വാരങ്ങൾ ബോർഡിലിടാം. സാധാരണ ഒരു സർക്യുട്ടിൽ 1mm, .8mm ദ്വാരങ്ങളാണു വേണ്ടത്. ആവശ്യത്തിൽ കൂടുതൽ ദ്വാരത്തിനു വലിപ്പമുണ്ടായാൽ കൂടുതൽ ലെഡ് നഷ്ടമാകാനതു കാരണമാകും. ബോർഡ് ഉറപ്പിക്കാനുള്ള ദ്വാരങ്ങൾക്കൂടി ബോർഡിന്റെ നാലുവശത്തും ഇട്ടതിനു ശേഷമേ ബോർഡിൽ അസ്സംബ്ലിങ് ആരംഭിക്കാവൂ. എല്ലാം പൂർത്തിയായാൽ റോസിൻ എന്ന പരൽ രൂപത്തിലുള്ള വസ്തു തിന്നറിൽ ലയിപ്പിച്ച് പെയ്സ്റ്റ് പരുവത്തിലാക്കി ബോർഡിന്റെ കോപ്പർ വശത്തു പൂശുന്നത് പ്രിന്റിന് ആയുസ്സു കൂടാൻ കാരണമാകും.

    (The detailed article on PCB etching, given in the book 'Gateway to Ham Radio' contains more information on this)

    1 comment:

    1. പതിറ്റാണ്ടുകളായി ഹാം റേഡിയോയെപ്പറ്റി അന്വേഷിക്കുന്നവര്‍ക്ക് ഒരു മാര്‍ഗദീപമായി അങ്ങ് നല്‍കുന്ന സേവനങ്ങളെ ഈ രാജകീയ ഹോബിയെ അടുത്തറിയുന്ന ഒരു മലയാളിക്കും വിസ്മരിക്കാന്‍ സാധിക്കില്ല . കോട്ടയത്ത്‌ CMS കോളേജ് കേന്ദ്രമായി ഹാം റേഡിയോ സൊസൈറ്റി തുടങ്ങുന്നതിനും , അതുമൂലം നൂരില്‍പരം പേര്‍ ലൈസെന്‍സ് സമ്പാദിക്കുന്നതിനും അങ്ങ് നല്‍കിയ പരിശീലനങ്ങളും, പ്രജോദനങ്ങളും ഞങ്ങള്‍ നന്ദിപൂര്‍വ്വം സ്മരിക്കുന്നു. അങ്ങയുടെ ഈ ബ്ലോഗും , GATEWAY TO HAM RADIO എന്ന പുസ്തകം വഴിയായി , ഇംഗ്ലീഷിലും മലയാളത്തിലും നല്‍കിയിരിക്കുന്ന വിവരണങ്ങള്‍ അനേകം പേരെ ഹോബികളുടെ രാജവേന്നരിയപ്പെടുന്ന ഹാം റേഡിയോയിലേക്ക് അകര്‍ഷിക്കട്ടെ എന്നാശംസിക്കുന്നു .ബെന്നി കെ പൗലോസ്‌ ( VU2 ISO )

      ReplyDelete