Friday 11 September 2020

Gateway to Ham Radio (old Malayalam article) chapter - 4

 അദ്ധ്യായം - 4 റിസീവേഴ്സ്, ട്രാൻസിസ്റ്ററുകൾ

അമച്വർ റേഡിയോ ഹോബിയിസ്റ്റിന്, ലിസണറായാലും ഓപ്പറേറ്ററായാലും, ഏറ്റവും വിലയേറിയ സമ്പാദ്യം മികച്ച ഒരു റിസീവർ തന്നെയായിരിക്കുമെന്നതിനു സംശയമില്ല. 1925 ലാണ് ഒരു കൊമേഴ്സ്യൽ റിസീവർ രംഗത്തു വന്നത്. റിസീവർ നിർമ്മിച്ചു തുടങ്ങിയ എല്ലാ കമ്പനികളുടേയും വാഗ്ദാനം, 'കൂടീയ 'സെൻസിറ്റിവിറ്റി'യായിരുന്നു. അന്തരീക്ഷത്തിലും ചുറ്റുപാടുകളിലുമുള്ള സർവ്വ അപസ്വരങ്ങളേയും പിടിച്ചെടുത്ത് കാതു മരവിപ്പിക്കാൻ പോന്ന ശക്തിയോടെ റിസീവറിൽ എത്തിച്ചു തന്നുകൊണ്ടിരുന്ന ആ റിസീവറുകൾ കാലഹരണപ്പെട്ടതിൽ സന്തോഷിക്കാം. 

സെൻസിറ്റിവിറ്റി ഒരിക്കലും ഒഴിവാക്കേണ്ട ഒരു ഘടകമല്ല, എങ്കിലും നല്ലൊരു ഫ്രണ്ട് എന്റ് സെൻസിറ്റിവിറ്റി കൂട്ടുമെന്ന പൊതുധാരണ തെറ്റാണ്. അപസിഗ്നലുകളെ ഒഴിവാക്കുന്നതോടൊപ്പം ദുർബ്ബല സിഗ്നലുകളും നഷ്ട്ടപ്പെടാതെ ട്രാപ്പ് ചെയ്യുന്ന പ്രവൃത്തിയായി സെൻസിറ്റിവിറ്റിയെ കാണണം. റിസീവറിന്റെ ഫ്രണ്ട് എന്റിലും RF സ്റ്റേജുകളിലും രൂപീകരിക്കപ്പെടുന്ന noise figure വളരെ നിർണ്ണായകമായതുകൊണ്ട് നോയിസ് ഒഴീവാക്കുന്ന താഴ്ന്ന ഗയിനുള്ള റിസീവർ തന്നെയാണുത്തമം. നോയിസ് ഇല്ലാത്ത ഒരു സിഗ്നൽ കിട്ടിയാൽ തുടർന്നുള്ള സ്റ്റേജുകളിൽ അതിന്റെ ശക്തി വർദ്ധിപ്പിക്കാമെന്ന വസ്തുതയാണ് നാം മറന്നു പോകുന്നത്. 

ഒരു റിസീവറിന്റെ സുപ്രധാനമായ മറ്റൊരു സവിശേഷതയായ സെലക്റ്റിവിറ്റിയേയും നാം റേഡിയോ സിഗ്നലുകളെ വേർതിരിച്ചെടുക്കുന്ന പ്രക്രിയയായി മാത്രം കാണുന്നു. വേണ്ട സിഗ്നലുകളെ അതിന്റെ ശരിയായ ബാന്റ് വിഡ്ത്തിൽ സ്വീകരിക്കുകയും, മറ്റുള്ളവയെ, അവ ഹാർമോണിക്കുകളായാലും ഇമേജുകളായാലും, തിരസ്കരിക്കുകയും ചെയ്യുന്ന ദൗത്യത്തെ സെലക്റ്റിവിറ്റിയുടെ തലമായി കാണുക. ഇവിടെ ഫിൽട്ടർ സർക്യൂട്ടുകൾ വളരെ നിർണ്ണായകമാണ്. ഫിൽട്ടറുകൾ പ്രധാനമായും നാലുതരമുണ്ട്. ഒരു നിശ്ചിത ഫ്രീക്വൻസിക്ക് താഴെയുള്ളവയെ മാത്രം കടത്തിവിടുന്നവയെ ലോ പാസ്സ് ഫിൽട്ടേഴ്സ് എന്നും, ഒരു നിശ്ചിത ഫ്രീക്വൻസിക്കു മുകളിലുള്ളവയെ മാത്രം കടത്തിവിടുന്നവയെ ഹൈ പാസ്സ് ഫിൽട്ടേഴ്സ് എന്നും വിളിക്കും. ഒരു പ്രത്യേക റേഞ്ചിലുള്ള ഫ്രീക്വൻസികളെ മാത്രം തടഞ്ഞു നിർത്താനും ഫിൽട്ടറുകൾക്കു കഴിയും; ഇവയെ ബാന്റ് സ്റ്റോപ്പ് ഫിൽട്ടേഴ്സ് എന്നു വിളിക്കും. ഒരു പ്രത്യേക റേഞ്ചിലുള്ള സിഗ്നലുകളേ മാത്രം കടത്തിവിടുന്ന ബാന്ര് പാസ്സ് ഫിൽട്ടറുകളാണ് വളരെ സാധാരണയായി ഉപയോഗിക്കപ്പെടുന്നത്. റേഡിയോകളിലെ IF ട്രാൻസ്ഫോർമറുകൾ ബാന്റ് പാസ്സ് ഫിൽട്ടറുകളാണ്. ഇവിടെ കടത്തി വിടുന്ന ഫ്രീക്വൻസി റേഞ്ചിന്റെ വ്യാപ്തിയനുസരിച്ച്, നാരോബാന്റ് ഫിൽട്ടറുകൾ ബ്രോഡ്ബാന്റ് ഫിൽട്ടറുകൾ എന്നിങ്ങനെ രണ്ടു തരമുണ്ട്.

റ്റ്യൂൺഡ് സർക്യൂട്ടൂകളുടെ 'Q' (Quality factor) തൃപ്തികരമായിരുന്നാലെ, സെലക്റ്റിവിറ്റി വർദ്ധിപ്പിക്കുവാൻ സാധിക്കൂ. ഒരു റിസീവറിന്റെ ഫ്രണ്ട് എന്റ് അനാവശ്യ സിഗ്നലുകളെ തറ്റഞ്ഞതുകൊണ്ടു മാത്രമായില്ല എത്ര ശക്തിയുള്ളതും കുറഞ്ഞതുമായ സിഗ്നലുകളാണെകിലും സിഗ്നലിനു കുഴപ്പമുണ്ടാകാതെ കൈകാര്യം ചെയ്യാനും കഴിവുള്ളതായിരിക്കണം. നല്ല സെലക്റ്റീവായ ഒരു റിസീവറിന്റെ IF സ്റ്റേജാണെങ്കിൽ കൃത്യമായ ബാന്റ് വിഡ്ത്ത് ഉള്ളതായിരിക്കുകയും വേണം. ചുരുക്കത്തിൽ CW സിഗ്നലാണെങ്കിൽ 800 Hzഉം, SSB യാണെങ്കിൽ 2.5 KHz ഉം, AM ആണെങ്കിൽ, 3.5 KHz ഉം ആയിരിക്കണം ബാന്റ് വിഡ്ത്ത്. ഇമേജു സിഗ്നലുകളെ ഒഴിവാക്കാനുദ്ദേശിച്ചുള്ള ഡബിൾ കൺവേർഷൻ റിസീവറുകളിലാണെങ്കിൽ മിക്സർ സ്റ്റേജിലുണ്ടാകുന്ന ഓസിലേറ്റഡ് സിഗ്നലുകളെ വളരെ ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്താലെ ഉദ്ദേശിച്ച ഗുണം കിട്ടൂ. 

ഒരു നല്ല റിസീവറിനുണ്ടായിരിക്കേണ്ട മറ്റൊരു ഗുണം ഫിഡലിറ്റിയാണ് (Fidelity). സ്പീക്കറിലൂടെ പുറത്തുവരുന്ന ശബ്ദത്തിന്റെ മേന്മയാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. അതാവട്ടെ മേൽ സൂചിപ്പിച്ച സ്റ്റേജുകളേപ്പോലെ, ഓഡിയോ ആമ്പ്ലിഫയർ സ്റ്റെജും ഒരുപോലെ, ലക്ഷ്യമാക്കിയ ബാന്റ് വിഡ്ത്തിലും ഫ്രീക്വൻസി റേഞ്ചിലും പ്രവൃത്തിക്കുന്നതായിരുന്നാലെ ശരിയാവൂ. റേഡിയോ ഫ്രീക്വൻസിയായാലും ഓഡിയോ ഫ്രീക്വൻസിയായാലും ഒരു സർക്യൂട്ടിലൂടെ അടന്നു പോവുമ്പോൾ ശക്തിയിൽ വ്യത്യാസം വരാം.  ഈ ശക്തി അളക്കുന്ന യൂണിറ്റും വാട്ട് ആണെങ്കിലും, പലപ്പോഴും നാം പരിഗണിക്കുന്നത്, ഈ ശക്തി എത്ര മടങ്ങായി നമുക്കനുഭവപ്പെടുന്നു എന്ന ഘടകമാണ്. ഇത് ഡെസിബൽ (db) എന്ന യൂണിറ്റിലാണ് രേഖപ്പെടുത്തുന്നത്. ഒരു വാട്ട് ശക്തിയുള്ള ഒരു സിഗ്നലിനെ ആമ്പ്ലിഫയർ 20 മടങ്ങായി വർദ്ധിപ്പിക്കുമ്പോൾ ഇരട്ടിയായ അനുഭവം മാത്രമേ നമുക്കുണ്ടാവുന്നുള്ളൂവെങ്കിൽ ഇവിടെയുണ്ടായ വർദ്ധന 1 X 2 = 2db മാത്രം. db രേഖപ്പെടുത്തുന്നത് 'S' (Strength) മീറ്റർ ഉപയോഗിച്ചാണെങ്കിലും ഒരു പ്രത്യേക മാനദണ്ഡം അന്തർദ്ദേശീയമായി അംഗീകരിക്കപ്പെട്ടിട്ടില്ല. പൊതുവേ സ്വീകരിക്കപ്പെട്ടിരിക്കുന്നത്, 6db വീതമുള്ള 9 യൂണിറ്റുകളായി തിരിച്ചുള്ള 'S' മീറ്റർ റീഡിങ് സമ്പ്രദായമാണ്. 

വൈദ്യുതിയുടെ മൂന്നു സ്വഭാവങ്ങളാണല്ലോ റസിസ്റ്റൻസും, കപ്പാസിറ്റൻസും, ഇന്റക്റ്റൻസും. ഈ സ്വഭാവമുള്ള കോമ്പണന്റുകളെ ഒരു സർക്യൂട്ടിൽ എലമെന്റുകൾ എന്നു വിളിക്കും. ഇത്തരം എലമെന്റുകൾ മാത്രമുള്ള ഒരു സർക്യൂട്ടിന്, ലഭിക്കുന്ന പവറിനെ വർദ്ധിപ്പിക്കാൻ കഴിവില്ലാത്തതുകൊണ്ട് അവയെ പാസ്സീവ് കോമ്പൊണന്റുകൾ എന്നു വിളിക്കും. സാധാരണ ഗതിയിൽ എലമെന്റുകൾ മറിച്ചോ തിരിച്ചോ കണക്റ്റു ചെയ്താലും അവയുടെ പ്രവർത്തനം വ്യ്ത്യാസപ്പെടുന്നില്ലാത്തതുകൊണ്ട് അവയുടെ പ്രവർത്തനം ബൈലാറ്ററൽ (Bilateral) ആണെന്നും സൂചിപ്പിക്കാറുണ്ട്. എലമെന്റുകളേപ്പോലെയല്ല ഡയോഡുകളും, ട്രാൻസിസ്റ്ററുകളും,  വാൽവുകളുമൊക്കെയടങ്ങുന്ന ആക്റ്റീവ് കോമ്പണന്റുകളുടെ സ്ഥിതി. അവയിലൂടെ സിഗ്നൽ കടന്നു വരുമ്പോൾ ശക്തി വർദ്ധിക്കുകയും ഫ്രീക്വൻസി വ്യത്യാസപ്പെടുകയുമൊക്കെ സംഭവിക്കും. 

ഒരു നിശ്ചിത ഫ്രീക്വൻസി ആക്റ്റീവ് കോമ്പണന്റിലൂടെ കടന്നു പോയാലും,  ചിലപ്പോൾ പാസ്സീവ് കോമ്പണന്റിലൂടെ ആയാലും, അതിന്റെ ഗുണിതങ്ങളിലുള്ള ഏറെ സിഗ്നലുകൾക്കൂടി രൂപം കൊള്ളുന്നു. ഇവയെ ഹാർമോണിക്കുകൾ എന്നു വിളിക്കുന്നു. 7 Mhz ന്റെ രണ്ടാമതു ഹാർമോണിക്ക് 14 Mhz ഉം മൂന്നാമത് ഹാർമോണിക്ക് 21 Mhz ഉം ആയിരിക്കത്തക്ക രീതിയിലാണ് ഹാർമോണിക്കുകളുടെ സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. ഒരു മിക്സർ സ്റ്റേജിൽ രണ്ടു ഫ്രീക്വൻസികളുടെ വ്യത്യാസത്തോടൊപ്പം രണ്ടും കൂടി ചേർന്നാലുണ്ടാവുന്ന ഫ്രീക്വൻസിയിലുള്ള സിഗ്നലുകളും ഉണ്ടാവാം. ഓസിലേറ്ററിലുണ്ടാകുന്ന ഹാർമോണിക്കുകളും സിഗ്നൽ ഫ്രീക്വൻസിയോടു ചേർന്ന് പുതിയ ഫ്രീക്വൻസികൾക്കു രൂപം കൊടുക്കാം. IF സ്റ്റേജിൽ അവയൊക്കെ തിരസ്കരിക്കപ്പെടുമെങ്കിലും, ഇങ്ങിനെയുള്ള അപ്രതീക്ഷിത സിനൽ മിക്സിങുകൾ IF ഫ്രീക്വൻസിയോടു ചേർന്ന ഫ്രീക്വൻസികൾക്കു രൂപം കൊടുക്കും. ഇവയെ ഇമേജ് സിഗ്നലുകൾ എന്നു വിളിക്കും. 


ഒരു dc സർക്യൂട്ടിൽ ഉപയോഗിക്കുന്ന അതേ ലാഘവത്തോടെ എലമെന്റുകൾ പോലും RF സർക്യൂട്ടൂകളിൽ ഉപയോഗിക്കാനാവില്ല. ഒരു കപ്പാസിറ്റർ റേഡിയോ ഫ്രീക്വൻസിയിൽ പ്രവർത്തിക്കേണ്ടി വരുമ്പോൾ ഉണ്ടാവുന്ന സ്വഭാവമാറ്റം, ചിത്രം C-4/1A യിലേതുപോലെയും, ഒരു ഇന്റക്റ്ററാണെങ്കിൽ ചിത്രം C-4/1B യിലേതുപോലെയുമായിരിക്കും. 
ഉയർന്ന ഫ്രീക്വൻസികളിൽ കോമ്പസിഷൻ കാർബൺ (cc) റസിസ്റ്ററുകൾ പോലും ഒരു ചെറിയ സർക്യൂട്ട് പായ്ക് ആയി പ്രവർത്തിക്കും. ഇവയൊക്കെ പരിഗണിച്ചു വേണം റേഡിയോ ഫ്രീക്വൻസി സർക്യൂട്ടുകളെപ്പറ്റി ചിന്തിക്കാൻ തന്നെ. 

ഒരു നിശ്ചിത സർക്യൂട്ട്, പ്രൊജക്റ്റ് റിപ്പോർട്ടിൽ അർത്തമാക്കിയിരിക്കുന്നതുപോലെ തന്നെ ചെയ്താലും, പല ഹോമ്മ്ബ്രൂവേഴ്സിനും തൃപ്തികരമായ ഒരു ഫലം മിക്കപ്പോഴും ലഭിക്കാറില്ല. ആക്റ്റീവ് കോമ്പോണന്റുകളും പാസ്സീവ് കോമ്പണന്റുകളും പേരിലും രേഖപ്പെടുത്തപ്പെട്ടിട്ടുള്ള പ്രവർത്തനമൂല്യങ്ങളിൽ ഒന്നായിരിക്കുമെങ്കിലും ശേഷിയിൽ വ്യത്യസ്ഥമായിരിക്കുന്നതുകൊണ്ടാണിത്. ഒരു റിസീവറിൽ പാസ്സീവ് കോമ്പോണന്റുകൾ പോലും ചുറ്റുപാടുകളുടെ സ്വാധീനത്തിൽ പെട്ടുപോകാറുണ്ട്. ചൂടാണ് ഒരു പ്രധാന ഘടകം. അവ ഘടകങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കണം അവയെ ഉറപ്പിക്കുന്നത്. 

രണ്ടുവ്യത്യസ്ഥമായ കറണ്ട് സർക്യൂട്ടുകളും (Input and Output), അതിനു സഹായിക്കുന്ന പവർ സപ്ലൈകളും ആവശ്യമുള്ള ട്രാൻസിസ്റ്ററുകളെ ബൈപോളാർ ഗണത്തിലാണു പെടുത്താറ്. എമിറ്റർ (E), ബേസ് (B), കളക്റ്റർ (C) എന്നു വിളിക്കപ്പെടുന്ന മൂന്നു ഭാഗങ്ങളും അവയെ പരസ്പരം വേർതിരിക്കുന്ന ഡിപ്ലഷൻ റീജിയണുകളും ചേർന്നാൽ ബൈപോളാർ (bipolar) ട്രാൻസിസ്റ്ററുകളായി. ഡിപ്ലഷൻ റീജിയണുകൾ ഒരു കപ്പാസിറ്ററിലെ ഡൈ ഇലക്ട്രിക് പോലെ പ്രവർത്തിക്കും. ഒരു ട്രാൻസിസ്റ്ററിലേക്കു കൊടുക്കുന്ന വോൾട്ടേജ്, ഫ്രീക്വൻസി, അതു നേരിടേണ്ടി വരുന്ന ചൂട്, ഇവയൊക്കെ നിർമ്മാതാവിന്റെ നിർദ്ദേശാനുസൃതം മാത്രമേയാകാവൂ. സാരം. ഒരു ട്രാൻസിസ്റ്റർ പരമാവധി കൈകാര്യം ചെയ്യുന്ന ഫ്രീക്വൻസി ft യിൽ രേഖപ്പെടുത്തിയിരിക്കും. ട്രാൻസിസ്റ്റർ കൈകാര്യം ചെയ്യുന്ന ഫ്രീക്വൻസിയേക്കാൾ 7 മുതൽ 10 വരെ മടങ്ങ് FT ഉണ്ടായിരിക്കുന്നതാണു നല്ലത്. ഇൻപുട്ടിൽ ലഭ്യമാക്കുന്ന കറണ്ടിന്റെ എത്ര മടങ്ങാണ് ഔട്ട് പുട്ടിൽ ഉണ്ടാകുന്നതെന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ ബീറ്റാ (β). ബീറ്റാ hfe യിൽ നിർമ്മാതാവ് രേഖപ്പെടുത്തിയിരിക്കുമെങ്കിലും ഓരോ ട്രാൻസിസ്റ്ററും hfe യിൽ വ്യത്യസ്തമായിരിക്കും. hfe അളക്കുന്ന മീറ്ററുകൾ ഇപ്പോൾ ലഭ്യമാണ്. എമിറ്ററും ബെയിസും ഫോർവേർഡ് ബയസിൽ നിർത്തിയിട്ട് ഒരു നിശ്ചിത വോൾട്ടേജിൽ കളക്റ്ററിലുണ്ടാവുന്ന കറണ്ട് അളന്നുകൊണ്ട് hfe താരതമ്യം ചെയ്യാനാവും. 

ഒരു ട്രാൻസിസ്റ്റർ ഏറ്റവും മികച്ച പ്രവർത്തനം നടത്തുന്നത് അത് ഏതോൾട്ടേജിൽ ഉപയോഗിക്കാനാണോ നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത് അതിന്റെ തൊട്ടടുത്ത വോൾട്ടേജിലെങ്കിലും ഉപയോഗിക്കപ്പെടുമ്പോഴാണ്. അതിൽ കൂടുതൽ വ്യതിയാനം വരുത്തിയാൽ ഉണ്ടാവുന്ന ഡിസ്റ്റോർഷൻ ഘടകവും, ആമ്പ്ലിഫയറുകളായി പ്രവർത്തീകുമ്പോഴുണ്ടാകുന്ന നേരിയ ഇൻസ്റ്റബിലിറ്റിയും ബൈപോളാർ ട്രാൻസിസ്റ്ററുകളുടെ പോരായ്മയാണെങ്കിലും RF സർക്യൂട്ടുകളിൽ അവ ഉപയോഗിക്കാവുന്നതേയുള്ളൂ; പക്ഷേ, മികച്ച റിസീവറുകളിൽ അവ അഭികാമ്യമല്ല. 

അൽപ്പം വ്യത്യസ്തമാണ് ഫീൽഡ് ഇഫക്റ്റ് ട്രാൻസിസ്റ്ററുകളുടെ (FET) പ്രവർത്തനം. കാരിയറുകൾ തുടങ്ങുന്ന  Source (S) എന്നൊരു കേന്ദ്രവും, കാരിയറുകൾ പ്രവാഹം അവസാനിപ്പിക്കുന്ന Drain (D) എന്നൊരു കേന്ദ്രവുമാണ് FET യുടെ പ്രധാന ഘടകങ്ങൾ. കാരിയർ സഞ്ചരിക്കുന്ന ചാനലിനോടു ചേർന്നൊരു depletion മേഖലയുണ്ടാവും.  ഒരു ഗേറ്റ് പോലെതന്നെയാണിതു പ്രവർത്തിക്കുക. ഈ depletion മേഖലയിൽ ഒരു വോൾട്ടേജ് കൊടുത്താൽ depletion region വികസിക്കുകയോ ചുരുങുകയോ ചെയ്യും. അതു ചാനലിലൂടെ ഒഴുകുന്ന കാാരിയറുകളുടെ തീവ്രതയിൽ വ്യത്യാസം വരുത്തുന്നു. ഇങ്ങിനെയാണ് FET കൾ പ്രവർത്തിക്കുന്നത്. സാധാരണ Bipolar transistor കളിൽ കറണ്ടുണ്ടാവാൻ വേണ്ടതിൽ വളരെ കുറഞ്ഞ സായത്തിനുള്ളിൽ, FET കളിൽ വൈദ്യുതി പ്രവഹിച്ചു തുടങ്ങും. കുറഞ്ഞ ഫ്രീക്വൻസി മുതൽ കൂടിയ ഫ്രീക്വൻസികൾ വരെയുള്ള സിഗ്നലുകളും, കൂടിയ കറണ്ടും കൈകാര്യം ചെയ്യാനുള്ള ശേഷിയും FET കൾക്കു പ്രാധാന്യമുണ്ടാവാൻ കാരണമായി. FETകളുടെ താഴ്ന്ന noice ഘടകവും കൂടിയ stabilityയും കൂടിയ ഇൻപുട്ട് ഔട്ട് പുട്ട് ഇമ്പിഡൻസുകളുമൊക്കെ RF സർക്യൂട്ടുകളിൽ അവ പരിഗണിക്കപ്പെടാനുള്ള കാരണങ്ങളാണ്.

സാധാരണയായി മൂന്നു തരം റിസീവറുകളാണുള്ളത്. 1) Tuned Radio Frequency Receivers 2) Direct Conversion Receivers and 3) Super Heterodyne Receivers. സെലക്റ്റീവായിട്ടുള്ള ഏതാനും സ്റ്റേജുകളും ഒരു ഡിറ്റക്റ്ററും, ഓഡിയോ ആമ്പ്ലിഫയറും ചേർന്നാൽ ഏറ്റവും ലളിതമായ ഒരു റിസീവറായി. ആദ്യകാല ഘട്ടങ്ങളിൽ ചില ലളിതമായ വ്യതിയാനങ്ങളോടെ ഇവ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ TRF റിസീവറുകൾ ആരും ഉപയോഗിക്കാറില്ല.
AM CW സിഗ്നലുകൾക്കുള്ളതാണു TRF റിസീവറുകളെന്നുള്ളതും ഓരോ സ്റ്റേജുകൾ തമ്മിലും interferance നു സാദ്ധ്യത കൂടുതലാണെന്നുള്ളതുമൊക്കെയാണ് ഇതിന്റെ പോരായ്മകൾ. 

DC Direct Conversion Receivers 



കുറേക്കൂടി തൃപ്തികരമായതും താരതമ്യേന ലളിതവുമായ റിസീവറാണ് DC റിസീവറുകൾ. ഇവ അമച്വറുകൾ ധാരാളം ഉപയോഗിക്കാറുണ്ട്. അതിനു പ്രധാനമായും രണ്ടു കാരണങ്ങളുമുണ്ട്. മറ്റു സിഗ്നൽ ഇഞ്ചക്ഷനുകളോ ഫ്രീക്വൻസി കൺവേർഷനോ കൂടാതെ AM SSB CW  സിഗ്നലുകൾ കേൾക്കാൻ കഴിയുമെന്നത് ഒന്നാമത്തെ കാര്യം. മിക്സർ സ്റ്റേജിലേക്കു വേണ്ടി ഓസിലേറ്റ് ചെയ്തെടുക്കുന്ന അതേ ഫ്രീക്വൻസി തന്നെയാണ് റിസീവ് ചെയ്യുന്നതെന്നതുകൊണ്ടു തന്നെ ട്രാൻസ്മിഷനും ഇതേ സിഗ്നൽ തന്നെ മതിയെന്നത് ഒരു മികച്ച അനുകൂല ഘടകമാണ്. DC റിസീവറുകളുടെ ലാളിത്യവും ബാന്റ് വിഡ്ത്തിലുള്ള സംയമനവും പ്രതിപാദിക്കപ്പെടേണ്ട മറ്റു ഗുണങ്ങളാണ്.

DC റിസീവറുകൾക്ക് ചില പോരായ്മകളുമുണ്ട്. DC റിസീവറുകളുടെ ഡിറ്റക്റ്റർ സ്റ്റേജ് പ്രോഡക്റ്റ് ഡിറ്റകറ്ററുകളോട് ആഭിമുഖ്യം പുലർത്തുന്നതുകൊണ്ട് CW സിഗ്നലുകളുടെ കാര്യത്തിൽ ആവശ്യമില്ലാത്ത സൈഡ് ബാന്റുകൾ ഒഴിവാക്കപ്പെടുന്നില്ല. കൃത്യമായ stability ഇല്ലാത്ത സിഗ്നലുകൾ  DC റിസീവറിൽ സ്വീകരിക്കാൻ കഴിഞ്ഞാലും, നന്നായി കേൽക്കാൻ കഴിയില്ല. AM ട്രാൻസ്മിഷനുകളുടെ കാര്യത്തിൽ, അൽപ്പമെങ്കിലും സിഗ്നൽ ഡിസ്റ്റോർട്ടഡ് ആയിരുന്നാലും, ഫ്രീക്വൻസി stability കുറവായിരുന്നാലും കാരിയർ ക്ലിയർ അല്ലാതിരുന്നാലും മോഡുലേറ്റ് ചെയ്യപ്പെട്ട ഓഡിയോ വേർതിരിച്ചെടുക്കയെന്നത് DC റിസീവറുകളിൽ ശ്രമകരമായ ഒരു ജോലി തന്നെയാണ്. പക്ഷേ, ഏറ്റവും ശ്രദ്ധേയമായ പോരായ്മ മറ്റു കൊമേഴ്സ്യൽ സ്റ്റേഷനുകളുടെ ഇടപെടലുകൾ ആണ്.  DC റിസീവറുകളുടെ പ്രോഡക്റ്റ് ഡിറ്റക്റ്റർ സ്റ്റേജിലെത്തുന്ന ശക്തിയേറിയ മറ്റു സിഗ്നലുകൾ നാം റ്റ്യൂൺ ചെയ്തെടുക്കുന്ന സിഗ്നലിനേക്കാൾ ശക്തിയായി സ്പീക്കറിലൂടെ പുറത്തുവരാൻ ഇടയാകും. രണ്ടു ഫ്രീക്വൻസികൾ കൂട്ടിച്ചേർത്ത് ഒരു മിക്സർ സ്റ്റേജിൽ നിന്നും ഒരു പ്രത്യ്യേക ഫ്രീക്വൻസിയെ മാത്രം വേർതിരിച്ചെടുക്കുന്ന സംവിധാനങ്ങളേയാണ് പ്രോഡക്റ്റ് ഡിറ്റക്റ്ററുകൾ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഫ്രണ്ട് എന്റിൽ ഉണ്ടാകുന്ന ഗയിൻ നഷ്ടം പരിഗണിക്കാതെ വളരെ സെലക്റ്റീവ് ആയ ഫ്രണ്ട് എന്റ് ഉപയോഗിച്ച് ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാം. സർക്യൂട്ടിൽ എല്ലാ സ്റ്റേജുകൾക്കുമായി ഒരു കോമൺ ഗ്രൗണ്ട് ഉപയോഗിക്കുന്നതും BC സ്റ്റേഷനുകളുടെ ഇടപെടലിനു കാരണമാകും.  ശബ്ദ മേന്മ കുറഞ്ഞ DC Rx തന്ത്രമാണ് കൊമേഴ്സ്യൽ ട്രാൻസീവറുകളിൽ പോലും അനുവർത്തിക്കപ്പെടുന്നത്. 

Super Heterodyne Receivers നെപ്പറ്റി വളരെ വിശദമായി വരും അദ്ധ്യായങ്ങളിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്. ഒരു DC റിസീവർ അസ്സംബിൾ ചെയ്യാനുള്ള വിശദാംശങ്ങളിലേക്കാണ് നാം തുടർന്നു പോകുന്നത്. 

അദ്ധ്യായം - 3                                                                       അദ്ധ്യായം - 5

No comments:

Post a Comment