ഒരു HF സിഗ്നൽ ഫ്രീക്വൻസി മോഡുലേഷനു വിധേയമാക്കുമ്പോൾ (FM), ആമ്പ്ലിറ്റ്യുഡ് മോഡുലേഷനിലേതു പോലെ (AM) ഒരു ചെറിയ യൂണിറ്റ് ബാന്റ് വിഡ്ത്തല്ല ഉണ്ടാവുക. അവിടെയുണ്ടാകുന്ന വ്യത്യാസം Mhz കളുടേതു തന്നെയായിരിക്കും. അതുകൊണ്ടാണ് ഇത്തരം സിഗ്നലുകളുടെ സെന്റർ ഫ്രീക്വൻസി പറയുന്നതുപോലെ അവയെ ഒരു പ്രത്യേക ചാനലായും പറയുന്നത്. ഉദാഹരണത്തിന് ചാനൽ 12 എന്നു പറയുന്നത് 224 Mhz മുതൽ 228 Mhz വരെയുള്ള ഫ്രീക്വൻസിയിൽ നടക്കുന്ന ഒരു പ്രക്ഷേപണത്തിനാണ്. ഇത് റ്റി വി ക്കുപയോഗിക്കാൻ നിശ്ചയിച്ചിട്ടുള്ളതാണ്. ഈ പ്രക്ഷേപണത്തിൽ 224 Mhz ൽ ശബ്ദവും 228 Mhz ൽ ചിത്രവുമായിരിക്കും ഉണ്ടാവുക. ഇവിടെ ചിത്രം AM ലും ശബ്ദം FM ലുമായിരിക്കും. AM നേക്കാൾ ശ്രവണസുഖം FM നു തന്നെയാണ്, കാരണം അന്തരീക്ഷത്തിലുണ്ടാകുന്ന കോലാഹലങ്ങൾ മുഖ്യമായും സിഗ്നലിന്റെ ആമ്പ്ലിറ്റ്യുഡിനെയാണു ബാധിക്കുന്നത്.
ഫ്രീക്വൻസി മോഡുലേഷനിൽ ശബ്ദം മാത്രമായി പ്രക്ഷേപണം ചെയ്യുമ്പോൾ പരമാവധി ബാന്റ് വിഡ്ത്ത് 200 Khz ൽ കവിയരുതെന്നാണു നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. VHF മുതൽ മുകളിലുള്ള ഫ്രീക്വൻസികളിൽ കൂടുതലായും ഉപയോഗിക്കപ്പെടുന്ന FM ന്റെ ഒരു പോരായ്മ, അതു കുറഞ്ഞ ദൂരത്തെ എത്തുകയുള്ളൂവെന്നതു മാത്രമാണെന്നു പറയാം. AM ആയാലും FM ആയാലും അന്തരീക്ഷത്തിൽ നിറയെ മോഡുലേറ്റ് ചെയ്യപ്പെട്ട സിഗ്നലുകളാണ്. അവയൊക്കെ കേൽക്കുകയെന്ന ഹോബ്ബിയിൽ ഏർപ്പെട്ടിരിക്കുന്നവരുമുണ്ട്. ഒരു സാധാരണ റേഡിയോ ലിസണറെ, 'ബ്രോഡ് കാസ്റ്റ് കൊമേഴ്സ്യൽ ലിസണർ' (BCL) എന്നും, ഹാം റേഡിയോ സംഭാഷണങ്ങൾ കേൾക്കുക ഹോബിയാക്കിയവരെ 'ഷോർട്ട് വേവ് ലിസണർ' (SWL) എന്നുമാണ് വിളിക്കുന്നത്. ഇനിയുമുണ്ടൊരു വിഭാഗം - വിദേശ സ്റ്റേഷനുകളിൽനിന്നുള്ള കൗതുകകരമായ പരിപാടികൾ കേൾക്കുകയും ആ സ്ടേഷനുകൾക്ക് സിഗ്നൽ റിപ്പോർട്ട് അയക്കുകയും ചെയ്യുന്നവർ. 'ബ്രോഡ്കാസ്റ്റ് കൊമേഴ്സ്യൽ ഡി എക്സേർസ്' (BC Dxers) എന്നാണവർ അറിയപ്പെടുന്നത്. D എന്ന അക്ഷരം ദൂരത്തെയാണു (Distance) സൂചിപ്പിക്കുന്നത്, X ആകട്ടെ ഗണിതശാസ്ത്രത്തിലേപ്പോലെ ഒരജ്ഞാത സ്ഥലത്തേയും കുറിക്കുന്നു. DX എന്ന പദം വൈദേശികമായ ഒന്നിനെ സൂചിപ്പിക്കുന്ന പദമാണെന്നർത്ഥം.
ഒരു റേഡിയോ സിഗ്നൽ പ്രക്ഷേപണം ചെയ്യുന്ന ആർക്കും അതെവിടെയൊക്കെ എത്തുന്നുവെന്നും, അതിന്റെ ഗുണനിലവാരമെന്താണെന്നും അതെങ്ങിനെയുള്ള അന്തരീക്ഷ സ്ഥിതിയിലായിരുന്നെന്നും അറിയാൻ താൽപ്പര്യമുണ്ടാവും. ചില റേഡിയോ സ്റ്റേഷനുകൾ സ്ഥിരമായി സിഗ്നൽ റിപ്പോർട്ട് അയക്കുവാൻ വേണ്ടി ലോകമെമ്പാടും ഒഫീഷ്യൽ മോണിറ്റേഴ്സിനെ നിയമിക്കാറുണ്ട്. പക്ഷേ, ഒരു റേഡിയോ സിഗ്നൽ കേട്ട് റിപ്പോർട്ട് അയക്കാൻ ഔദ്യോഗികാംഗീകാരമൊന്നും ആവശ്യമില്ല. ഇങ്ങിനെ റിപ്പോർട്ടയക്കുന്ന ശ്രോതാക്കൾക്ക് പ്രോൽസാഹനമായി, പ്രക്ഷേപകർ അക്നോളഡ്ജ്മെന്റ് കാർഡും (QSL Card) ചിലപ്പോൾ കൊച്ചു സമ്മാനങ്ങളും അയക്കാറുണ്ട്. ഇങ്ങിനെ കിട്ടുന്ന QSL Card കൾ ശേഖരിച്ചു വെക്കുന്ന BC Dxers നു പുതിയ പുതിയ സ്റ്റേഷനുകളേപ്പറ്റി ആനുകാലിക നിർദ്ദേശങ്ങൾ നൽകുന്ന ഒരു നെറ്റ് പ്രോഗ്രാം തന്നെയുണ്ട്. QSL Card കൾ കൃത്യമായും പോസ്റ്റ് കാർഡിന്റെ വലിപ്പത്തിലുള്ളവ ആയിരിക്കണമെന്നില്ല - പോസ്റ്റിൽ അയച്ചിരിക്കണമെന്നുമില്ല. മിക്ക രാജ്യങ്ങളിലും ഇവ കൈകാര്യം ചെയ്യാൻ വേണ്ടി QSL ബ്യുറോകൾ പ്രവർത്തിക്കുന്നു. ദക്ഷിണേന്ത്യയിൽ എല്ലാ ഞായറാഴ്ചകളിലും രാവിലെ 8.30 മുതൽ 40 മീറ്റർ ബാന്റിൽ ഇതു കേൾക്കാവുന്നതാണ്.
സിഗ്നൽ റിപ്പോർട്ടുകളെപ്പറ്റി പറഞ്ഞല്ലൊ. 'കൊള്ളാം', 'വ്യക്തമല്ല', 'മനോഹരം' എന്നിങ്ങനെയുള്ള ആലങ്കാരിക വിലയിരുത്തലുകളല്ല സിഗ്നൽ റിപ്പോർട്ടുകൾ. ആർക്കും എളുപ്പത്തിൽ കൃത്യമായി സ്ഥിതിവിവരം മനസ്സിലാക്കാവുന്ന അന്തർദ്ദേശീയ നിലവാരത്തിലുള്ള സിഗ്നൽ റിപ്പോർട്ടാണ് പൊതുവേ അനുവർത്തിക്കപ്പെടുന്നത്. BC Dxers റിപ്പോർട്ട് തയ്യാറാക്കുന്നത് SIO കോഡിലാണ്. ചിത്രം C-3/1 ശ്രദ്ധിക്കുക. ഇവിടെ ഇന്റർഫിയറൻസ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് യഥാർത്ഥ സിഗ്നലിന്റെ വ്യക്തതയെ ബാധിക്കുന്ന മറ്റപശബ്ദങ്ങളേയാണ്. ചുരുക്കത്തിൽ, ഒരു '555' റിപ്പോർട്ട് ഒരു സ്റ്റേഷനു കൊടൂത്തുവെന്നു പറഞ്ഞാൽ ആലപ്പുഴ ജില്ലയിൽ ആലപ്പുഴ റേഡിയോ സ്റ്റേഷൻ കേട്ടതു പോലെ കേട്ടുവെന്നു സാരം.
ഹാം റേഡിയോയിൽ RST കോഡുപയോഗിച്ചാണ് സിഗ്നൽ റിപ്പോർട്ടുകൾ അയക്കുക. ചിത്രം C-3/2 ശ്രദ്ധിക്കുക.
C-3/1 | S = Signal Strength | I = Interference | O = Overall Merit |
5 | Excellent | Nil | Excellent |
4 | Good | Slight | Good |
3 | Fair | Moderate | Fair |
2 | Poor | Severe | Poor |
1 | Barely Readable | Extreme | Unusable |
C-3/2 | R = Readability | S = Strength | T = Tone |
1 | Not Readable | Very weak | - |
2 | Barely Readable | Weak | - |
3 | Poor | Barely Copiable | - |
4 | Readable | Copiable | - |
5 | Fully Readable | Average | Very Bad |
6 | - | Good | Bad |
7 | - | Reasonable | Tolerable |
8 | - | Fine | Not Clear |
9 | - | Excellent | Good |
ഹാം സംഭാഷണങ്ങളെപ്പറ്റിയുള്ള റിപ്പോർട്ട് അയക്കുമ്പോൾ റീഡബിലിറ്റിയും സ്റ്റ്രെങ്ത്തും മാത്രമേ രേഖപ്പെടുത്താറുള്ളൂ - അതായത് 57, 59, 46 ഇങ്ങിനെ. അതേ സമയം മോഴ്സ് കോഡ്, സിഗ്നൽ റിപ്പോർട്ടിങിനു വിധേയമാക്കുമ്പോൾ റ്റോൺ ക്വാളിറ്റിയും കൂടി രേഖപ്പെടുത്തുന്നു - 579, 589 എന്നിങ്ങനെ. മിക്കവാറും ഹാമുകൾ റിപ്പോർട്ട് തയാറാക്കുന്നത് അനുഭവപരിചയത്തിൽ നിന്നാണെങ്കിലും, സ്ട്രെങ്ത്തിന്റെ കാര്യത്തിൽ മിക്ക കൊമേഴ്സ്യൽ റിസീവറുകളിലും സ്ട്രെങ്ത്ത് മീറ്റർ ('S' മീറ്റർ) ഉണ്ടാവും. 'S' മീറ്ററിൽ പരമാവധി ശക്തികാണിക്കുന്ന സംഖ്യ 9 ആണ്. അതിനു മുകളിലുള്ള സിഗ്നൽ ശക്തി 'db' (decibel) മാർക്കുപയോഗിച്ചാണു സൂചിപ്പിക്കുന്നത്. അതായത് 9 കഴിഞ്ഞു 20db യാണു കാണിക്കുന്നതെങ്കിൽ 59+ എന്നോ അതിലും മുകളിലാണെങ്കിൽ 59++ എന്നോ രേഖപ്പെടുത്തും (മോഴ്സ് കോഡിനിത് '59+9' അല്ലെങ്കിൽ '59++9' എന്നിങ്ങനെയുമാണ്).
കൊമേഴ്സ്യൽ റേഡിയോ ട്രാൻസ്മിഷനുകളിലൊഴികെ എല്ലാ സന്ദേശവിനിമയ സാഹചര്യങ്ങളിലും എത്രയും കുറഞ്ഞ സമയത്തിനുള്ളിൽ പരമാവധി ഡേറ്റാ കൈമാറുന്നതിനാണു പ്രാധാന്യം. അത്തരം സാഹചര്യങ്ങളിൽ അക്ഷരങ്ങൾ ചേർത്തോ അക്കങ്ങൾ ചേർത്തോ കോഡുകൾ സാധാരണയാണല്ലൊ - ടെലിഗ്രാഫിൽ ആ രീതിയുണ്ടല്ലോ. കമ്യുണിക്കേഷൻ ഇലക്ട്രോണിക്സിൽ അക്ഷരങ്ങൾ ചേർത്തുള്ള കോഡുകളുണ്ട് - Q കോഡുകൾ. ഊദാഹരണത്തിനു ചിലതിതാ: QTR - കൃത്യ സമയം, QSP - സന്ദേശം, QRX - കാത്തിരിക്കുക QSL - മനസ്സിലായി/സ്വീകരിച്ചിരിക്കുന്നു .... ഓരോന്നും ചോദ്യമോ ഉത്തരമോ ആയിരിക്കാം. അതു സാഹചര്യത്തിനനുസരിച്ചു വ്യാഖ്യാനിക്കും. QSL കാർഡ് എന്നതു കൊണ്ടെന്താണുദ്ദേശിക്കുന്നതെന്ന് ഇപ്പോൾ മനസ്സിലായിക്കാണുമല്ലൊ? അല്ലാതെയും ഹാമുകൾ ചില പ്രത്യേക പ്രയോഗങ്ങൾ ഉപയോഗിക്കാറുണ്ട്. ഏതാനും ചിലത് ഇവിടെ കൊടുക്കുന്നു.
Terminology | Meaning |
Home brew | Self made equipment |
Shack | Work Station |
Ham | Licensed Amateur Radio Operator |
Rag chewing | On the air chit-chat |
Ticket | License |
Rig | Wireless Equipment |
Harmonics | Children |
Old Man | All licensed Male Hams are called with a prefix OM |
YL/ Young Lady | Lady Radio Amateur |
SWL | All those who have not yet received a license |
Crystal Controlled | Married |
Signing Off | Closing the contact |
Going QRT/Pulling the Big Switch | Closing the station |
LL (Lima Lima) | Landline |
QTH | Working QTH = Office, Home QTH = House |
GM/GE (mostly in Morse Code) | Good mornign/God Evening |
Eyeball QSO | Meeting face to face |
Dx/VU land | Foreign country/ India |
Silent Key | Die |
Field Day | Out door transmission/reception experiments |
4 wheeler/2 wheeler/multi wheeler | Car/Bike/Train |
ഒരു ലിസണർ അയക്കുന്ന QSL കാർഡിൽ വളരെയേറെ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കും. അതിൽ, കേട്ട ദിവസം, സമയം, സ്ഥലം പിന്നെ കേൾക്കാനുപയോഗിച്ച റിസീവറിന്റെ വിശദാംശങ്ങൾ, ഉപയോഗിച്ച ആന്റിനായുടെ വിവരങ്ങൾ, പ്രത്യേകാഭിപ്രായം, ശ്രോതാവിനെ സംബന്ധിച്ച കാര്യങ്ങൾ ..... അങ്ങിനെ അങ്ങിനെ... ചിലർ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുത്തും. സമയം രേഖപ്പെടുത്തുന്നത് UTC (Universal Time Cordinated) യിലായിരിക്കണം. ഇതു ഗ്രീൻവിച്ച് മീൻ റ്റൈം തന്നെ. അതുപോലെ AM ഉം PM ഉം ഒഴിവാക്കി 24 hrs Table (UTC) ലായിരിക്കണം സമയം രേഖപ്പെടുത്തുന്നത്.
ഇന്റർനാഷണൽ ടെലിക്കമ്യുണിക്കേഷൻസ് യൂണിയൻ ഭൂപ്രദേശങ്ങളെ സോണുകളായും റീജിയണുകളായും തിരിച്ച് അവക്കു നമ്പറുകളും കൊടുത്തിട്ടുണ്ട്. ITU വിന്റെ തിരിവനുസരിച്ച് ഇന്ത്യാ, റീജിയൻ 3 ലാണ്. നമ്മുടെ സോൺ നമ്പർ 22 ആണ്. ഒരു സിഗ്നൽ കേട്ട സ്ഥലം രേഖപ്പെടുത്താൻ ഈ നമ്പറുകളും ഉപയോഗിക്കാമെങ്കിലും കുറേക്കൂടി കൃത്യമായ Longitude ഉം Latitude മാണ് പലരും അനുവർത്തിക്കുന്നത്.
ഒരു ഹാം സ്റ്റേഷനായാലും കൊമേഴ്സ്യൽ സ്റ്റേഷനായാലും അവരുപയോഗിക്കേണ്ട മീറ്റർ ബാന്റുകൾ നിശ്ചയിക്കുന്നത് ഇന്റർനാഷനൽ ടെലിഗ്രാഫ് യൂണിയൻ (ITU) ആണ്. ഓരോ സ്റ്റേഷനും ഒരു പ്രത്യേക പേരോ കോഡ് നാമമോ ഉണ്ടായിരിക്കണമെന്ന് ITU നിഷ്കർഷിക്കുന്നു. 1865 ൽ ഇതേ പേരിൽ പ്രവർത്തനമാരംഭിച്ച ITU 20 ആം നൂറ്റാണ്ടിന്റെ ആരംഭം മുതലെ ഈ നിർദ്ദേശം പ്രാബല്യത്തിൽ വരുത്തിയിരുന്നു -ആദ്യകാല സ്റ്റേഷനുകൾക്ക് സ്വയം പേരു നിശ്ചയിക്കാൻ കഴിയുമായിരുന്നു എന്നു മാത്രം.
റേഡിയോ സ്റ്റേഷനുകളുടെ എണ്ണം വർദ്ധിച്ചപ്പോൾ ITU വിന്റെ മാർഗ്ഗരേഖകളിലും വ്യത്യാസമുണ്ടായി. അങ്ങിനെ ഓരോ രാജ്യത്തിലെയും ഹാമുകൾക്ക് പ്രത്യേക Prefix കൾ കിട്ടി. VU വിൽ തുടങ്ങുന്ന ഒരു ഹാം സ്റ്റേഷൻ ഭാരതത്തിൽ നിന്നുള്ളതാണെങ്കിൽ 457 ൽ പേരു തുടങ്ങുന്ന ഒരു ഹാം സ്റ്റേഷൻ ശ്രീലങ്കായിൽ നിന്നുള്ളതായിരിക്കും. തുടർന്നു വരുന്ന അക്കവും അക്ഷരങ്ങളുമൊക്കെ ശ്രദ്ധിച്ചാൽ അതാരാണെന്നും ഏതു ഗ്രേഡ് ലൈസൻസുള്ള ആളാണെന്നും മനസ്സിലാക്കാം. ഹാം സ്റ്റേഷന്റെ ഈ പേരിനെ 'കോൾ സൈൻ' എന്നാണു പറയുന്നത്. ഒരു രാജ്യത്തെ മുഴുവൻ കോൾസൈനുകളും അടയാളപ്പെടുത്തിയ കോൾബുക്കുകളും ക്ലബ്ബുകൾ പ്രസിദ്ധീകരിക്കുന്നുണ്ട്. ഒരു BC Dxer രാജ്യത്തിന്റെ പേരു തന്നെ എഴുതേണ്ടിവരുമെന്നു ശ്രദ്ധിക്കുക.
ഒരു സ്റ്റേഷൻ കേൾക്കുമ്പോൾ തന്നെ QSL കാർഡുകൾ തയ്യാറാക്കി അയക്കുക എളുപ്പമല്ല. അതു പലപ്പോഴും മറ്റൊരവസരത്തിലായിരിക്കാം സംഭവിക്കുക - എപ്പോൾ QSL കാർഡയച്ചാലും കേട്ട സമയത്തെ സവിശേഷതകൾ ഓർത്തിരിക്കേണ്ടി വരുമെന്നു മാത്രം. QSL കാർഡിൽ വേണ്ട വിശദാംശങ്ങൾ അപ്പപ്പോൾ രേഖപ്പെടുത്തിവെക്കുന്ന ഒരു രജിസ്റ്റർ സൂക്ഷിക്കുകയാണ്, ഇതിനു പരിഹാരം. 'log book', 'log record' എന്നൊക്കെയിതിനെ വിളിക്കും. QSL കാർഡ് പിന്നീടാണയക്കുന്നതെങ്കിൽ, രണ്ടാമതും കേട്ടപ്പോളുള്ള വ്യത്യാസം കൂടി രേഖപ്പെടുത്തുക. ലോഗ് ബുക്കിലെ സീരിയൽ നംബർ കാണിക്കാൻ സാധിക്കുന്നത്, ലിസണറുടെ പരിചയ സമ്പന്നത അറിയാൻ, പ്രക്ഷേപകനെ സഹായിക്കും. പരിചയസമ്പന്നനായ ഒരു ലിസണറുടെ കാര്യത്തിൽ ഹാമുകൾ കൂടുതൽ താൽപ്പര്യമെടുത്തെന്നുമിരിക്കും.
SWLസ് log book ൽ കേട്ട സ്റ്റേഷന്റെ മുഴുവൻ കോൾസൈനും രേഖപ്പെടുത്തിയിരിക്കണം. QSL കാർഡിൽ മുമ്പു സൂചിപ്പിച്ച വിവരങ്ങൾ കൂടാതെ ലിസണർ വിളിക്കപ്പെടാൻ ആഗ്രഹിക്കുന്ന ചുരുക്കപ്പേര് (Handle), പൂർണ്ണമായ വിലാസം, ഫോൺ നമ്പറുകൾ എന്നിവയോടൊപ്പം QSL കാർഡ് പ്രതീക്ഷിക്കുന്നുവെന്നു കൂടി രേഖപ്പെടുത്തിയാൽ ഒരു വശം പൂർണ്ണമായി.
അടുത്ത വശത്ത്, എങ്ങോട്ടാണോ അയക്കാൻ ഉദ്ദേശിക്കുന്നത് ആ വിലാസവും, വ്യക്തിപരമായ കാര്യങ്ങളും രേഖപ്പെടുത്താം. എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ അതും എഴുതാം. വ്യക്തികൾക്കാണു QSL കാർഡ് അയക്കുന്നതെങ്കിൽ തിരിച്ചു QSL കാർഡ് അയക്കാൻ ആവശ്യമായ സ്റ്റാമ്പുകളും ഉള്ളടക്കം ചെയ്യാം. QSL കാർഡുകൾ മനോഹരമായി ഡിസൈൻ ചെയ്ത് പ്രിന്റുചെയ്താണു തയ്യാറാക്കുന്നത്. പറയുമ്പോഴും എഴുതുമ്പോഴും ഉപയോഗിക്കുന്ന 73 എന്ന സംഖ്യ സ്നേഹാശംശകൾ എന്നതിന്റെ കോഡാണ്. Wx അന്തരീക്ഷ സ്ഥിതിയേയും Rx റിസീവറിനേയും സൂചിപ്പിക്കുന്നു. ഹാമുകൾക്ക് QSL കാർഡുകൾ അയക്കുമ്പോഴും ഹാമുകൾ അയക്കുമ്പോഴും, കാര്യമായ വ്യത്യാസം സിഗ്നലിനുണ്ടായിട്ടില്ലെങ്കിൽ ഒരെണ്ണമേ അയക്കാറുള്ളൂ. ഇതു സ്വീകരിക്കേണ്ട ആളിന്റെ പൂർണ്ണ വിലാസം അറിയില്ലെങ്കിൽ ഏതെങ്കിലും ക്ലബ്ബുകൾ നടത്തുന്ന QSL Beurou യിൽ എത്തിച്ചു കൊടുത്താൽ മതിയാവും. അത്തരം സാഹചര്യത്തിൽ കോൾസൈൻ മാത്രം അഡ്രസ്സ് ഭാഗത്ത് രേഖപ്പെടുത്തി വേണ്ടത്ര സ്റ്റാമ്പുകളും ഒട്ടിച്ച് എല്ലാ കാർഡുകളുംകൂടി ഒരുമിച്ചൊരു കവറിലാക്കി ബ്യുറോയിൽ എത്തിക്കാം.
ഹാം റേഡിയോയിലൂടേ പ്രതീക്ഷിക്കുന്ന സൗഹൃദം ദൃഢതരമാക്കുന്ന ഒരു ചടങ്ങാണ് QSL കാർഡുകളുടെ കൈമാറൽ. ഒരു ഹാമിനാണെങ്കിലും ലിസണർക്കാണെങ്കിലും ശ്രദ്ധേയമായ ചിലവു വരുന്നതും ഇവിടെത്തന്നെയാണെന്നു പറയാതെ വയ്യ. എങ്കിലും, ഇതൊരു നിയമമല്ല - വെറും മര്യാദ മാത്രം.
No comments:
Post a Comment