അദ്ധ്യായം 32 - ഇലക്ട്രോണീക് കീയർ
ട്രാൻസ്മിറ്ററുകളുടെ വിവിധ ഘടകങ്ങളെപ്പറ്റി വിശദമായി നാം മുൻ അദ്ധ്യായങ്ങളിലൂടെ ചർച്ച ചെയ്തു കഴിഞ്ഞു. സ്പർശിക്കാതെ പോയ ഒരു ഘടകം ഇലക്ട്രോണിക് കീയറാണ്. കീയറിൽ തൊടുമ്പോൾ തന്നെ ട്രാൻസ്മിഷനിലേക്കു ട്രാൻസീവർ മാറുന്നതുപോലെയായിരിക്കും അനുബന്ധ സർക്യൂട്ടുകൾ സംവിധാനം ചെയ്യപ്പെടുക. ഒരു കീയറിൽ അതിന്റെ സ്പീഡും സെറ്റ് ചെയ്യാൻ കഴിയും. കീയുടെ കോണ്ടാക്റ്റുകൾ മൂലമുണ്ടാക്കുന്ന പ്രശ്നങ്ങൾ, കീയറിലില്ല. അൽപ്പം പോലും ബലവും പാഡുകളിൽ കൊടുക്കേണ്ടതുമില്ല. ചിത്രം C-32/1 ൽ ഒരു ഇലക്ട്രോണിക് കീയറിന്റെ സർക്യൂട്ട് കൊടുത്തിരിക്കുന്നു.
ഈ കീയർ അസ്സംബിൾ ചെയ്യാനാവശ്യമായ പ്രിന്റഡ് സർക്യൂട്ട് ബോർഡിന്റെ ചിത്രം C-32/1B യിലും കൊടുത്തിരിക്കുന്നു.
C-32/1 Parts List | ||||
IC1 | CD4027 | R6 | 1 M Ω | |
IC2 | CD4011 | R7 | 4.7 K Ω | |
TR1 | SL100 | C1 | 100PF | |
D1 | IN4007 | C2, C6 | 0.1 μF | |
D2 – D4 | IN4148 | C3 | 150PF | |
R1 | 1 KΩ | C4 | 0.001μF | |
R2, R3, R4, R8 | 10 K Ω | C5 | 0.01 μF | |
R5 | 220 K Ω | RL1 | 100 Ω/12V | |
SSB ട്രാൻസീവർ അസ്സംബിൾ ചെയ്യുന്നവർ തീർച്ചയായും കീയറും അസ്സംബിൾ ചെയ്തിരിക്കും, ഒപ്പം ഫ്രീക്വൻസി കൗണ്ടറും ചെയ്തിരിക്കും. പണം ലാഭിക്കുകയെന്നൊരുദ്ദേശവും ഉപകരണങ്ങൾ അസ്സംബിൾ ചെയ്യുന്നതുകൊണ്ടുണ്ടാവാം. അനുഭവത്തിൽ നിന്നൊരു കാര്യം പറയാം - വേണ്ട ഉപകരണങ്ങൾ, അതും മികച്ച സേവനം തരുന്നവ അരുകിൽ വെച്ചുകൊണ്ട് അസ്സംബിൾ ചെയ്യൽ തുടങ്ങിയാലും മികച്ച ഘടകങ്ങൾ തന്നെ നിഷ്കർഷിച്ചുകൊണ്ട് മുന്നേറിയാലുമൊക്കെ ഫലം വളരെ ആശാവഹമായിരിക്കും. എങ്കിലും, തെറ്റുകൾ പറ്റും പരാജയങ്ങളുമുണ്ടാവും. ഒരൻപതു തിരുത്തലുകളെങ്കിലും വേണ്ടി വന്നിട്ടില്ലാത്ത ഒരൊറ്റ ഹോം ബ്രൂവറും കാണാനിടയില്ല. ഇതു പറഞ്ഞത്, നലം തികഞ്ഞ ഒരു ഹോംബ്രൂവറായിരുന്ന ഗുഹൻ മേനോനാണ്. ചുരുക്കത്തിൽ, ഓരോ ഹാമും അനവധി തടസ്സങ്ങളെ മറികടന്നാണ് നിലയുറപ്പിച്ചിട്ടുള്ളത്.
ഏതൊരു ഹാം റേഡിയോ ഓപ്പറേറ്ററെ സംബന്ധിച്ചിടത്തോളവും സ്വന്തമായി പഠിച്ചു രൂപകൽപ്പന ചെയ്തു നിർമ്മിച്ച ഒരുപകരണം പ്രവർത്തിപ്പിക്കുകയെന്നത് ഏറെ സന്തോഷം പകരുന്ന ഒന്നു തന്നെയാണ്. ബാറ്ററിയിൽ പ്രവർത്തിക്കുന്നതാകണം, പോർട്ടബിൾ ആയിരിക്കണം, ലോകമെങ്ങും സിഗ്നൽ എത്തിക്കാൻ പോന്നതാവണം, എത്ര ദുർബ്ബല സിഗ്നലുകളും എത്തിപ്പിടിക്കാൻ കെൽപ്പുള്ളതാവണം, കൈകാര്യം ചെയ്യാൻ എളുപ്പമായിരിക്കണം..... ഇങ്ങിനെയുള്ള മുഴുവൻ ആവശ്യങ്ങളും പരിഹരിച്ചുള്ള ട്രാൻസീവറുകൾ ഇവിടെ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അതിലേക്കുള്ള അടിസ്ഥാന മാർഗ്ഗരേഖകളാണ് നിരവധി അദ്ധ്യായങ്ങളിലൂടെ നാമിവിടെ ചർച്ച ചെയ്തുകൊണ്ടിരുന്നത്. ഈ പരമ്പര ഇവിടെ നിർത്തുകയാണ്. ആർക്കെങ്കിലും ഇതു പ്രയോജനം ചെയ്തിട്ടുണ്ടെങ്കിൽ ഈ ശ്രമം വിജയിച്ചു.
ഇതു സാദ്ധ്യമാക്കിയത് അക്ഷരങ്ങളുടെ നാട്ടിൽ പിറന്ന ശ്രീ ബി. സോമൻ നായർ എന്ന ഒരു ശാസ്ത്രസ്നേഹിയുടെ പിന്തുണ കൊണ്ടാണ്. കേരളത്തിൽ ഇലക്ട്രോണിക്സിനെ ഒരു ഹോബിയാക്കി അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതായിരുന്നു. ഹാം റേഡിയോക്കു വേണ്ടി ഇലക്ട്രോണിക്സ് ഫോർ എവരിബഡി എന്ന മാസികയിൽ സ്ഥിരമായി ഏതാനും പേജുകൾ അദ്ദേഹം എല്ലാ ലക്കത്തിലും മാറ്റിവെക്കുമായിരുന്നു. പക്ഷേ, അദ്ദേഹം തുടങ്ങിവെച്ച 'ഇലക്ട്രോണിക്സ് ഫോർ എവരിബഡിക്ക്' ഏതാണ്ട് പത്തു വർഷത്തോളമേ തുടരാനായുള്ളൂ. മാറിക്കൊണ്ടിരുന്ന ട്രെൻഡ് തന്നെ മുഖ്യപ്രതി.
ഈ പരമ്പര കൂടുതൽ മികച്ചതായിരിക്കാൻ സഹായിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി!
No comments:
Post a Comment